പ്രതിഷേധിക്കാനും പ്രതിഷേധിക്കാതിരിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്; പൗരത്വ നിയമത്തിൽ അഭിപ്രായവുമായി സെയ്ഫ് അലി ഖാൻ

പൗരത്വ ഭേദഗതി നിയമത്തിൽ അഭിപ്രായമറിയിച്ച് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. ഇത്തരം കാര്യങ്ങളിൽ പ്രതിഷേധിക്കാനും പ്രതിഷേധിക്കാതിരിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സെയ്ഫ് അലി ഖാൻ അഭിപ്രായമറിയിച്ചത്.

“സമാധാനപരമായി പ്രതിഷേധിക്കാനും പ്രതിഷേധിക്കാതിരിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. നമുക്ക് ഉത്കണ്ഠയുണ്ടാക്കുന്ന ചില കാര്യങ്ങളുണ്ട്. ഇവയൊക്കെ എങ്ങനെയാവും അവസാനിക്കുകയെന്ന ആശ്ചര്യമാണ് തോന്നുന്നത്. ഞാൻ എന്തിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്ന കൃത്യമായ ബോധം എനിക്കുണ്ടാവുകയും എൻ്റെ പ്രതിഷേധം അതിനോട് ചേർന്നു നിൽക്കുന്നതാവുകയും വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ചിലപ്പോൾ വ്യത്യസ്തമായ മറ്റൊരു പ്രതിഷേധത്തെയാണ് ഞാൻ പ്രതിനിധീകരിക്കുന്നതെന്ന തിരിച്ചറിവ് അവസാനത്തിൽ എനിക്കുണ്ടായേക്കാം. അതുകൊണ്ട് എനിക്കിതിൽ വലിയ ഉറപ്പില്ല. ഞാൻ എന്തിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്ന് ഉറപ്പില്ലാത്തതു കൊണ്ട് എനിക്ക് ഇനിയും ചിന്തിക്കേണ്ടതുണ്ട്”- അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ നിർവചിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നിയമവ്യവസ്ഥിതിയെയും സർക്കാരിനെയുമുപരി ഇവിടുത്തെ ജനങ്ങൾ ഇനി ഇന്ത്യയെ നിർവചിക്കും. അങ്ങനെയുള്ള വ്യവസ്ഥിതിയിലൂടെയാണ് ജീവിതം മുന്നോട്ടു പോകുന്നതതെന്നും സെയ്ഫ് അലി ഖാൻ കൂട്ടിച്ചേർത്തു.

ഫർഹാൻ അക്തർ, പരിണീതി ചോപ്ര, അനുരാഗ് കശ്യപ്, മുഹമ്മദ് സീഷൻ അയ്യൂബ്, ഷബ്നം ആസ്മി, ജാവേദ് അക്തർ, സിദ്ദാർത്ഥ്,. ഋതിക് റോഷൻ, സ്വര ഭാസ്കർ തുടങ്ങിയവരൊക്കെ പൗരത്വ നിയമഭേദഗതിക്കെതിരെ രംഗത്തു വന്നിരുന്നു. മലയാള സിനിമാ പ്രവർത്തകരും വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചിരുന്നു.

Story Highlights: CAA, NRC, Saif Ali Khan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top