‘റിമേച്ചി, കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം?’; റിമയെ വ്യക്തിപരമായി ആക്രമിച്ച് സന്ദീപ് വാര്യർ

യുവമോർച്ചാ നേതാവ് സന്ദീപ് ജി വാര്യരും ചലച്ചിത്ര നടി റിമ കല്ലിങ്കലും തമ്മിലുള്ള സൈബർ പോര് മുറുകുന്നു. ഏറ്റവും ഒടുവിൽ റിമയെ വ്യക്തിപരമായി ആക്രമിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് സന്ദീപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാവുമോ എന്ന ചോദ്യമാണ് സന്ദീപ് പുതിയ ഫേസ്ബുക്ക് പേജിലൂടെ ഉന്നയിച്ചിരിക്കുന്നത്. ഇതോടെ ഇരുവരും തമ്മിലുള്ള സൈബർ പോര് കൂടുതൽ വഷളാവുകയാണ്.
പൗരത്വ നിയമഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധം നടത്തിയ സിനിമാ പ്രവർത്തകർക്കെതിരെ സന്ദീപ് വാര്യർ രംഗത്തു വന്നതാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. പ്രതിഷേധിക്കുന്നവരെ തേടി ഇൻകം ടാക്സ്, എൻഫോഴ്സ്മൻ്റ് ഉദ്യോഗസ്ഥർ വരുമെന്നും കൃത്യമായി നികുതിയടച്ചില്ലെങ്കിൽ പിടിവീഴുമെന്നും സന്ദീപ് കുറിച്ചു. അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല എന്നും സന്ദീപ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
ഇതിനെതിരെ റിമയും ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവും രംഗത്തെത്തി. ‘ചാണകത്തിൽ ചവിട്ടില്ലെ’ന്ന് ആഷിഖ് കുറിച്ചപ്പോൾ ‘വിഡ്ഢികളെ പ്രശസ്തരാക്കുന്നത് നമുക്ക് നിര്‍ത്താം’ എന്ന് റിമയും കുറിച്ചു. ഒപ്പം പവി ശങ്കർ എന്ന കലാകാരൻ വരച്ച നടി ഫിലോമിനയുടെ “ആരട നാറി നീ” എന്ന ഐക്കോണിക് ഡയലോഗോടു കൂടിയ ചിത്രവും റിമ പങ്കുവെച്ചിരുന്നു. ഇതാണ് സന്ദീപിനെ ചൊടിപ്പിച്ചത്. ഇതോടെ റിമക്കെതിരെ വ്യക്തിപരമായ ആക്രമണവുമായി സന്ദീപ് രംഗത്തെത്തുകയായിരുന്നു.
“റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം? കഞ്ചാവ് കച്ചവടക്കാരെ സാംസ്കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാം.” എന്നായിരുന്നു സന്ദീപിൻ്റെ പോസ്റ്റ്. #ShaveKanjavTeams എന്ന ഹാഷ്ടാഗും സന്ദീപ് പോസ്റ്റിൽ ഉപയോഗിച്ചിരുന്നു.
ഇതിനു പിന്നാലെ മോഹൻലാലും ‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന ടെക്സ്റ്റും ഉൾപ്പെടുന്ന ഒരു ചിത്രവും സന്ദീപ് ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തു. ‘ലാലേട്ടൻ പണ്ടേ പറഞ്ഞിട്ടുണ്ട്. ചുമ്മാതാണോ പൊരിച്ച മത്തി ടീമിന് ലാലേട്ടനോട് കലിപ്പ്.’ എന്നും ചിത്രത്തോടൊപ്പം സന്ദീപ് കുറിച്ചു.
Story Highlights: Rima Kallingal, Sandeep G Warrier, Facebook Post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here