ജാർഖണ്ഡ് തെരഞ്ഞെടുപ്പ് പരാജയം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജി വച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ജാർഖണ്ഡ് ബിജെപി അധ്യക്ഷൻ ലക്ഷ്മൺ ഗിലുവ രാജി വച്ചു. മഹാരാഷ്ട്രക്ക് പിന്നാലെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടായത്. 81 അംഗ നിയമസഭയിൽ ബിജെപിക്ക് 25 സീറ്റ് നേടാനേയായുള്ളൂ. ഈ പശ്ചാത്തലത്തിലാണ് രാജി. തെരഞ്ഞെടുപ്പിൽ ചക്രധർപൂർ മണ്ഡലത്തിൽ ലക്ഷ്മൺ ഗിലുവയും പരാജയപ്പെട്ടിരുന്നു.
Read Also: ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: സർക്കാർ രൂപീകരിക്കാൻ ഹേമന്ത് സോറൻ ഇന്ന് അവകാശവാദം ഉന്നയിക്കും
ബിജെപി ഒറ്റക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. എജെഎസ്‌യു സ്ഥാനാർത്ഥി സുദേഷ് മഹാതോക്കെതിരെ സ്ഥാനാർത്ഥിയെ പാർട്ടി നിർത്തിരുന്നില്ല. 79 സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ സ്വതന്ത്രനുമാണ് മത്സരിച്ചത്. അതിനാൽ സഖ്യകക്ഷികളെ പഴിചാരി പാർട്ടിക്ക് രക്ഷ നേടാനാകില്ല. ഗോത്രവർഗഭൂരിപക്ഷ മേഖലകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ സ്വാധീനം മുഴുവൻ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്.
ബിജെപി മുഖ്യമന്ത്രി രഘുബർദാസും പരാജയപ്പെട്ടിരുന്നു. തോൽവിക്ക് കാരണം പാർട്ടിയിലെ ഒറ്റുകാരാണെന്ന് രഘുബർദാസ് പ്രതികരിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കിയ ‘വികസന’പദ്ധതികൾ തന്നെയാണ് പരാജയത്തിന് അടിസ്ഥാനമെന്ന് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നുണ്ട്.
രാജി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അംഗീകരിച്ചു. 47 സീറ്റ് നേടിയ ജെഎംഎം – കോൺഗ്രസ് സഖ്യത്തെ ജെവിഎമ്മിന്റെ മൂന്ന് അംഗങ്ങളും പിന്തുണച്ചതോടെ മുന്നണിയുടെ അംഗസംഖ്യ 50 ആയി. ഡിസംബർ 29തിനാണ് ജെഎംഎം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുക. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
jharkhand election, bjp president resigned, lakshman Gilua
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here