മംഗളൂരു വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മമതാ ബാനർജി

മംഗലാപുരത്ത് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ജനാധിപത്യ വ്യവസ്ഥിതിയിൽ പ്രതിഷേധം തുടരുമെന്നും മമത വ്യക്തമാക്കി.
നേരത്തെ കർണാടക സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഉടൻ നൽകില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചതിനു പിന്നാലെയാണ് മമത ഇക്കാര്യം വിശദീകരിച്ചത്. കൊൽക്കത്തയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു അവരുടെ പ്രഖ്യാപനം. സിഎഎ, എൻആർസി എന്നിവക്കെതിരെ രാജബസാറിൽ നിന്ന് കൊൽക്കത്തയിലെ മുള്ളിക് ബസാറിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ മമത വിദ്യാർഥികളോട് ജനാധിപത്യ രീതിയിൽ പ്രതിഷേധം തുടരണമെന്ന് ആവശ്യപ്പെട്ടു. എപ്പോഴും അവരോടൊപ്പം ഉണ്ടാവുമെന്ന് ഉറപ്പ് നൽകിയ മമത ആരെയും ഭയപ്പെടരുതെന്നും പറഞ്ഞു.
അതേ സമയം, കർണാടകയിലെ മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും കുമാരസ്വാമിയും വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നല്‍കാമെന്നേറ്റ പണം കൈമാറി.
നേരത്തെ, സംഭവത്തിൽ അന്വേഷണം പൂർത്തിയായതിനു ശേഷം മാത്രമേ ധനസഹായത്തിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്നാണ് യെദ്യൂരപ്പ പറഞ്ഞത്. കൊല്ലപ്പെട്ട രണ്ടു പേർക്ക് 10 ലക്ഷം രൂപ വീതം നൽകുമെന്ന വാഗ്ദാനത്തിൽ നിന്നാണ് അദ്ദേഹം പിന്നാക്കം പോയത്.
കഴിഞ്ഞ ദിവസം ബിജെപി എംഎൽഎ ബസവനഗൗഡ പാട്ടീൽ കൊല്ലപ്പെട്ടവർക്ക് ധനസഹായം നൽകരുതെന്ന് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവർക്ക് പ്രഖ്യാപിച്ച ധനസഹായം പിൻവലിച്ച് ആ പണം പശു സംരക്ഷകർക്ക് നൽകണമെന്നും പാട്ടീൽ പറഞ്ഞു. ഇതേത്തുടർന്നാണ് യെദ്യൂരപ്പ വാക്ക് മാറ്റിയത്.
Story Highlights: Mangalore Firing, Mamata Banarjee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here