ഭൂമി ആവശ്യത്തിന് മാത്രം; ആരാധനാലയങ്ങളുടേയും സാംസ്‌കാരിക സ്ഥാപനങ്ങളുടേയും അധിക ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചു നൽകാൻ തീരുമാനം

സംസ്ഥാനത്ത് ആരാധനാലയങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും കൈവശംവച്ചിരിക്കുന്ന ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചു നൽകാൻ മന്ത്രിസഭായോഗത്തിൽ ധാരണ. പ്രവർത്തിക്കാൻ ആവശ്യമായ ഭൂമി വിലയീടാക്കി പതിച്ചു നൽകുകയും ബാക്കിയുള്ളവ തിരിച്ചെടുക്കുകയും ചെയ്യും. ആരാധനാലയങ്ങൾക്ക് പരമാവധി ഒരേക്കർ വരെയാണ് നൽകുക. നാല് വിഭാഗമായി തിരിച്ചാണ് ഇതിനുള്ള വില ഈടാക്കുക.
സംസ്ഥാനത്തെ ആരാധനാലയങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും പാട്ടത്തിനെടുക്കുകയും കൈവശം വച്ചിരിക്കുകയും ചെയ്യുന്ന ഭൂമിയാണ് പതിച്ചു നൽകുന്നത്. ഇവയ്ക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഭൂമി വില ഈടാക്കി പതിച്ചു നൽകുകയും കൈവശംവച്ചിരിക്കുന്നതിൽ ബാക്കി സർക്കാർ ഏറ്റെടുക്കുകയും ചെയ്യും.
ആരാധനാലയങ്ങൾക്ക് പരമാവധി ഒരേക്കർ വരേയും ശ്മശാനങ്ങൾക്ക് 75 സെന്റ്ുവരെയുമാകും പതിച്ചു നൽകുക. സ്വാതന്ത്ര്യത്തിനു മുമ്പ് ഭൂമി കൈവശം വച്ചിട്ടുള്ള ആരാധനാലയങ്ങൾക്ക് ന്യായവിലയുടെ പത്ത് ശതമാനം നൽകിയും കേരളപ്പിറവി വരെയുള്ളവയ്ക്ക് 25 ശതമാനം ഈടാക്കിയും പതിച്ചു നൽകും. കേരളപ്പിറവി മുതൽ 90 ജനുവരി വരെ ഭൂമി ലഭിച്ചവർ ന്യായവില നൽകണം. 90 മുതൽ 2008 ഓഗസ്റ്റ് 25 വരെയുള്ളവർ നിലവിലുള്ള വിപണിവില നൽകണം. ക്ലബുകൾക്കും സാംസ്‌കാരിക സ്ഥാപനങ്ങൾക്കും പതിച്ചു നൽകുന്ന ഭൂമിക്കും വിപണിവില ഈടാക്കും. ഇപ്പോൾ കൈവശം വച്ചിട്ടുള്ള ഭൂമി ഇതിൽ കൂടുതലാണെങ്കിൽ ബാക്കി സർക്കാർ ഏറ്റെടുക്കും. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്താൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here