രഞ്ജി: കേരളത്തിന്റെ ചങ്കു തകർത്ത് അക്സർ പട്ടേൽ; തകർന്നടിഞ്ഞ് വാലറ്റം; കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി

ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിനു തോൽവി. ബാറ്റ്സ്മാന്മാർ ബാറ്റിംഗ് മറന്നപ്പോൾ 90 റൺസിനാണ് കേരളം തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയത്. 267 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 177 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 78 റൺസെടുത്ത സഞ്ജു സാംസൺ പൊരുതിയെങ്കിലും മറ്റാർക്കും സഞ്ജുവിന് പിന്തുണ നൽകാനായില്ല. സഞ്ജു ഉൾപ്പെടെ അഞ്ചു പേർ മാത്രമാണ് കേരള നിരയിൽ രണ്ടക്കം കടന്നത്. അക്സർ പട്ടേൽ ഗുജറാത്തിനായി നാലു വിക്കറ്റെടുത്തു.
267 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം രണ്ടാം ദിനത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 26 റൺസെടുത്തിരുന്നു. മൂന്നാം ദിവസത്തിൽ 10 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേക്കും കേരളത്തിന് വിഷ്ണു വിനോദിനെ നഷ്ടമായി. 23 റൺസെടുത്ത വിഷ്ണുവിനെ റൂഷ് കലേരിയയുടെ പന്തിൽ മൻപ്രീത് ജുനേജ പിടിച്ചു പുറത്താക്കി. മോനിഷ്, റോബിൻ ഉത്തപ്പ എന്നിവർ ഏഴു റൺസ് വീതമെടുത്ത് വേഗം പുറത്തായി. മോനിഷിനെ സിറടി ഗജയുടെ പന്തിൽ പാർത്ഥിവ് പിടികൂടിയപ്പോൾ ഉത്തപ്പയെ അക്സർ പട്ടേൽ വിക്കറ്റിനു മുന്നിൽ കുരുക്കി. ഇതിനിടെ ജലജ് സക്സേനയും (29) ഗജയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി.
അഞ്ചാം വിക്കറ്റിൽ സച്ചിൻ ബേബിയുമായി ചേർന്ന് സഞ്ജു സാംസൺ 55 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ സഞ്ജു 52 പന്തുകളിൽ തൻ്റെ അർധസെഞ്ചുറി കുറിച്ചു. സഞ്ജുവിന് പിന്തുണ നൽകി ക്രീസിലുറച്ചു നിന്ന സച്ചിൻ ബേബിയെ (11) റൂഷ് കലേരിയ കാതൻ ഡി പട്ടേലിൻ്റെ കൈകളിലെത്തിച്ച് ഈ കൂട്ടുകെട്ട് പൊളിച്ചു. ഉച്ച ഭക്ഷണത്തിനു പിരിയവെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തിരുന്ന കേരളത്തിന് അടുത്ത സെഷൻ്റെ തുടക്കത്തിൽ തന്നെ സഞ്ജുവിനെ നഷ്ടമായി. 82 പന്തുകളിൽ 78 റൺസെടുത്ത സഞ്ജു പുറത്തായതോടെ കേരളം തോൽവി ഉറപ്പിച്ചു.
പൊന്നം രാഹുൽ (5), ബേസിൽ തമ്പി (0), ആഇഫ് കെഎം (0) എന്നിവർ വേഗം പുറത്തായതോടെ വാലറ്റം തകർന്നു. രാഹുലിനെ ഗജ വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ ബേസിൽ തമ്പിയെ അക്സർ പട്ടേൽ മൻപ്രീത് ജുനേജയുടെ കൈകളിലെത്തിച്ചു. ആസിഫിനെ പ്രിയങ്ക് പഞ്ചൽ റണ്ണൗട്ടാക്കി. മുഹമ്മദ് അസ്‌ഹറുദ്ദീനെ (11) അക്സർ പട്ടേൽ ക്ലീൻ ബൗൾഡാക്കിയതോടെ കേരളത്തിൻ്റെ ചേസിംഗ് അവസാനിച്ചു.
രഞ്ജി ട്രോഫി മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോൾ കേരളത്തിന് ഒരു സമനിലയും രണ്ട് തോൽവിയുമാണുള്ളത്. ഡൽഹിക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡെടുത്തിട്ടും സമനില വഴങ്ങേണ്ടി വന്ന കേരളം ബംഗാളിനെതിരെ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. ശേഷം നടന്ന മൂന്നാം റൗണ്ടിലാണ് ഗുജറത്തിനോടും കേരളം തോറ്റത്.
Story Highlights: Ranji Trophy, Sanju Samson, Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here