കെഎസ്ആർടിസി പ്രതിസന്ധി; സമഗ്രസാമ്പത്തിക പാക്കേജുമായി സർക്കാർ

കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സമഗ്രസാമ്പത്തിക പാക്കേജുമായി സർക്കാർ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തുമെന്നും പാക്കേജ് സമയബന്ധിതമായി നടപ്പാക്കുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ജനുവരി മാസത്തെ ശമ്പളം 5ാം തിയതിക്ക് മുമ്പ് വിതരണം ചെയ്യും. ത്രികക്ഷികരാർ ഉണ്ടാക്കുമെന്നും മന്ത്രി.
പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ബസുകൾ ഇറക്കേണ്ടി വരും. കിഫ്ബിയിൽ നിന്ന് ബജറ്റിൽ പറഞ്ഞതിനനുസൃതമായി സഹായം സ്വീകരിച്ച് വണ്ടികൾ നിരത്തിലിറക്കും. കിഫ്ബി നിബന്ധനകളിൽ നിന്ന് ചില ഇളവുകൾ നൽകണമെന്ന് ആവശ്യപ്പെടും. തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.
ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അടുത്ത മാസം 20 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ടിഡിഎഫ് സമരം പിൻവലിച്ചിട്ടുണ്ട്.
കെഎസ്ആർടിസിയിൽ കഴിഞ്ഞ മൂന്ന് മാസമായി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. കുറേ മാസങ്ങളായി രണ്ട് തവണകളായാണ് ശമ്പളം വിതരണം. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടന, പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ്, എഐടിയുസി യൂണിയൻ എന്നീ സംഘടനകൾ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നുണ്ട്. ഇതോടെയാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ട് അടിയന്തരനടപടി സ്വീകരിച്ചത്.
ksrtc crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here