Advertisement

ഭൂസമരം ആരംഭിച്ച് ഏഴു വർഷമായിട്ടും പരിഹാരമായില്ല; മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ കഞ്ഞിവെപ്പ് സമരം നടത്താനൊരുങ്ങി അരിപ്പ സമര സമിതി

December 28, 2019
Google News 1 minute Read

മുഖ്യമന്ത്രി പിണറായി വിജയൻറെ വീട്ടുപടിക്കൽ 100 മണിക്കൂർ പട്ടിണി കഞ്ഞിവെപ്പ് സമരം നടത്താൻ ഒരുങ്ങി അരിപ്പ സമര സമിതി. കൊല്ലം കുളത്തൂപ്പുഴയിലെ അരിപ്പ ആദിവാസി ഭൂസമരം ആരംഭിച്ചു ഏഴു വർഷം കഴിഞ്ഞിട്ടും പരിഹാരമാവത്തതിൽ പ്രതിഷേധിച്ചാണ് പുതിയ സമര രീതിയുമായി ഇവർ മുന്നോട്ട് വരുന്നത്. ജനുവരി ഒന്നിനു സമരം നടത്തുമെന്ന് ആദിവാസി ദളിത് മുന്നേറ്റ സമരസമിതി അറിയിച്ചു.

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ യിലുള്ള അരിപ്പയിൽ ആദിവാസി ദളിത് മുന്നേറ്റ സമിതി ഭൂസമരം ആരംഭിച്ചിട്ട് ഏഴ് വർഷമാകുന്നു. മാറിമാറി വന്ന സർക്കാരുകൾ നാളിതുവരെ ഒരു സെൻറ് ഭൂമിപോലും ഇവിടെ ആർക്കും നൽകിയിട്ടില്ല. 7 വർഷം മുമ്പ് പണിത കുടിലുകളിൽ പലതും നശിച്ചു. പട്ടിണിയും രോഗവും മൂലം പലരും ഇവിടെ നിന്നും താമസം മാറി. ചിലർ രോഗങ്ങൾ പിടിപെട്ട് കിടപ്പിലായി. അവശേഷിക്കുന്ന ആയിരങ്ങൾ ഇപ്പോഴും ഒരു തുണ്ട് ഭൂമിക്കായി പോരാട്ടം തുടരുകയാണ്.

കഴിഞ്ഞ യുഡിഎഫ് സർക്കാരും ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരും ആദിവാസികളെ പറഞ്ഞു കബളിപ്പിച്ചു എന്ന് സമരസമിതി ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ജനുവരി ഒന്നിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പട്ടിണി സമരം ആരംഭിക്കാൻ ഇവർ തീരുമാനിച്ചത്.

സമരത്തിൽ പങ്കെടുക്കുന്നവർ 29 ആം തീയതി രാവിലെ 10 ന് അരിപ്പയിൽ നിന്ന് കാൽനടയായി പുറപ്പെടും. ജനുവരി ഒന്നിന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ 100 മണിക്കൂർ പട്ടിണി കഞ്ഞിവെപ്പ് സമരം നടത്താനാണ് തീരുമാനം.

പാട്ടക്കാലാവധി കഴിഞ്ഞതിനെ തുടർന്ന് സർക്കാർ ഭൂമി ഏറ്റെടുത്ത കുളത്തൂപ്പുഴ അരിപ്പയിൽ 2012 ഡിസംബർ 31ന് അർദ്ധരാത്രിയിലാണ് ആദിവാസി ദളിത് മുന്നേറ്റ സമിതി സമരം ആരംഭിച്ചത്.

Story Highlights: Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here