Advertisement

2019ലെ മികച്ച 24 ചിത്രങ്ങൾ ( തുടർച്ച)

December 29, 2019
Google News 0 minutes Read

19. ഹെലന്‍

ചെറിയ സിനിമ, കേട്ടറിഞ്ഞ പ്രമേയം, പ്രേക്ഷകന് ഉറപ്പായും പ്രെഡിക്ട് ചെയ്യാവുന്ന ക്ലൈമാക്‌സ്. ഹെലന്‍ ഇതൊക്കെയാണ്. പക്ഷേ, പ്രേക്ഷകനെ തിയേറ്ററില്‍ ശ്വാസം മുട്ടിക്കാനും കിടുകിടേ തണുപ്പിക്കാനും കഴിഞ്ഞൊരു രസതന്ത്രം ഈ സിനിമയുടെ മേക്കിംഗില്‍ ഉണ്ട്. 2019 ലെ ഹിറ്റ് ചാര്‍ട്ടില്‍ ഹെലന് ഇരിപ്പിടം നേടിക്കൊടുത്ത കാരണവും മറ്റൊന്നല്ല. അന്ന ബെന്‍ എന്ന യുവ നടിയുടെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഹെലനായി അന്ന പ്രേക്ഷകരെ ഇരുത്തി വിറങ്ങലിപ്പിച്ചു. കഥയിലെ ബലഹീനതകളെല്ലാം ഇതേ ചിത്രത്തിന്റെ തന്നെകരുത്തുകള്‍ മായ്ച്ചുകളയും. തണുത്തുറഞ്ഞ അവസ്ഥയില്‍ പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടുവെന്ന അനുഭവക്കുറിപ്പുകള്‍ തന്നെയാണ് സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറിനുള്ള അവാര്‍ഡ്. നിര്‍മാതാവ് വിനീത് ശ്രീനിവാസനും അഭിമാനിക്കാം.

18. മൂത്തോന്‍

ഗീതു മോഹന്‍ദാസിന്റെ സംവിധാ മികവില്‍ മൂത്തോന്‍ സിനിമാ ലോകത്തെ ചര്‍ച്ചയായി മാറി. ഒരേ സമയം ക്ലീന്‍ എന്റര്‍ടെയ്‌നറും കലാമൂല്യമുള്ളതുമായ സിനിമ. പ്രമേയത്തിന്റെ മികവും അഭിനേതാക്കളുടെ കൈയടക്കവും മൂത്തോനെ മികച്ച സിനിമകളുടെ പട്ടികയില്‍ ഇടം നേടികൊടുത്തു.

നിവിന്‍ പോളിയുടെ അക്ബര്‍, റോഷന്‍ മാത്യുവിന്റെ സംസാര ശേഷിയില്ലാത്ത അമീര്‍ എന്നീ കഥാപാത്രങ്ങള്‍ പ്രേക്ഷകരെ അഭിനയ മികവുകൊണ്ട് ഞെട്ടിച്ചു. നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രം തന്നെയാണ് അക്ബര്‍.

17. ഫൈനല്‍സ്

കൊമേഡിയനില്‍ നിന്ന് സ്വഭാവനടനിലേക്കുള്ള സുരാജ് വെഞ്ഞാറമൂടിന്റെ മാറ്റം നേരത്തേ സംഭവിച്ചതാണെങ്കിലും; ആ സ്ഥാനത്തേക്കുള്ള നിലയുറപ്പിക്കലായിരുന്നു 2019 ലെ ഫൈനല്‍സ് എന്ന ചിത്രം. ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ രജിഷ വിജയന്റെ മടങ്ങി വരവ് കൂടിയായിരുന്നു ഫൈനല്‍സ്.

കര്‍ശന സ്വഭാവമുള്ള വര്‍ഗീസ് എന്ന കഥാപാത്രമാണ് സുരാജിന്റേത്. വര്‍ഗീസിന്റെ മകള്‍ ആലീസ് ഒരു സൈക്ലിംഗ് താരമാണ്. രജിഷയുടെ സൈക്ലിംഗ് താരമെന്ന നിലയിലേക്കുള്ള ട്രാന്‍സിഷന്‍ ഗംഭീരമാണ്. സ്‌പോര്‍ട്‌സ് ഡ്രാമാ സിനിമകളിലെ പതിവ് ക്ലീഷേകള്‍ പരമാവധി ഒഴിവാക്കാന്‍ സംവിധായകന്‍ പി ആര്‍ അരുണിന് കഴിഞ്ഞിട്ടുണ്ട്. അഭിനേതാക്കളാണ് ചിത്രത്തിന്റെ മികവ്. നിരഞ്ജ് മണിയന്‍പിള്ള രാജു, ടിനി ടോം, സോനാ നായര്‍, മുത്തുമണി, എന്നിവരും കഥാപാത്രങ്ങളെ ഗംഭീരമാക്കി.

16. അതിരന്‍

കെട്ടുറപ്പുള്ള തിരക്കഥയില്‍ ഒരുങ്ങിയ സൈക്കോ ത്രില്ലര്‍ അതിരന്‍ 2019 ലെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ നിരവധി കാരണങ്ങളുണ്ട്. മലയാളത്തില്‍ അപൂര്‍വമായി കണ്ടുവരുന്ന കഥാപരിസരം, അഭിനയ ശൈലി, ദൃശ്യങ്ങളുടെ മികവ്, പശ്ചാത്തല സംഗീതം തുടങ്ങി വ്യത്യസ്തത ഓരോ ഫ്രെയിമിലും അനുഭവിക്കാനായ ചിത്രമാണ് അതിരന്‍.

പി എഫ് മാത്യൂസിന്റെ തിരക്കഥയാണ് അതിരനിലെ വിജയ കേന്ദ്രം. ഡോ. കണ്ണന്‍ നായര്‍ എന്് പരിചയപ്പെടുത്തി എത്തുന്ന ഫഹദ് ഫാസില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അസാമാന്യമായ മെയ് വഴക്കത്തെ പ്രയോജനപ്പെടുത്തിയ സായ് പല്ലവിയുടെ നിത്യ എന്ന കഥാപാത്രം വിജയഘടകങ്ങളില്‍ ഒന്നായി. വിവേകിന്റെ പിഴവില്ലാത്ത സംവിധാനം. ജിബ്രന്റെ മികച്ച പശ്ചാത്തല സംഗീതം.

                                                                                                                  

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here