Advertisement

2019ലെ മികച്ച 24 ചിത്രങ്ങൾ ( തുടർച്ച)

December 29, 2019
Google News 1 minute Read

15. ചോല

2019 ല്‍ റിലീസ് ചെയ്ത ചോല പൂര്‍ണമായും സംവിധായകന്റെ സിനിമയാണ്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ് തന്നെയാണ് നിര്‍മിച്ചത്. സമീപകാലങ്ങളില്‍ സജീവ ചര്‍ച്ചയാകുന്ന ലൈംഗികാതിക്രമം ആണ് സിനിമയുടെ വിഷയം. കച്ചവട സിനിമയുടെ ചേരുവകള്‍ ഒന്നുമില്ലാതെ ആ വിഷയം സമര്‍ത്ഥമായി പകര്‍ത്തിയിരിക്കുന്നു ചോലയില്‍.

ഒരു നാടന്‍ ഗ്രാമത്തില്‍ നിന്ന് നഗരം കാണാനുള്ള രണ്ട് സ്‌കൂള്‍ പ്രണയേതാക്കളുടെ യാത്ര; അതിനിടയിലേക്ക് കാമുകന്‍ ആശാനെന്ന് പരിചയപ്പെടുത്തുന്ന ഒരാളുടെ കടന്നു വരവ്. പെണ്‍കുട്ടിയെ അസ്വസ്ഥമാക്കുന്ന സാന്നിദ്ധ്യമായ ആശാന്‍ ജോജുവാണ്. പെണ്‍കുട്ടിയായി നിമിഷാ സജയന്‍. ഉറപ്പായും ചര്‍ച്ച ചെയ്യേണ്ട വിഷയം, അജിത് ആചാര്യയുടെ ക്യാമറ കണ്ണുകള്‍, സെര്‍ജി കരമിസിനോവിന്റെ സംഗീതം. ചോല മികച്ച സിനിമകളുടെ പട്ടികയില്‍ തീര്‍ച്ചയായും ഉണ്ട്.

14. ഇഷ്ഖ്

സിനിമയുടെ പേര് ഇഷ്ഖ്. പോസ്റ്ററില്‍ നായകന്റേയും നായികയുടേയും മുഖങ്ങള്‍. പതിവ് പ്രണയ ചിത്രം എന്നതിലുപരി ഒരു പ്രത്യേകതയും പരസ്യങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ തിയേറ്റര്‍ വിട്ടിറങ്ങിയവര്‍ പറഞ്ഞത് മറ്റൊരു അനുഭവമാണ്. ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ ഒപ്പം അഭിനയ കരുത്തുമായി ഷൈന്‍ ടോം ചാക്കോ. ഇഷ്ഖ് പറഞ്ഞ രാഷ്ട്രീയം അത്രമേല്‍ കരുത്തുറ്റതാണ്. 2019 ലെ ഹിറ്റ് ചാര്‍ട്ടില്‍ ഇഷ്ഖ് ഇടംപിടിച്ചു.

ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ നായിക വസുധ ഉയര്‍ത്തുന്ന നടുവിരല്‍ അല്‍വിദയാണ് ഇഷ്ഖിന്റെ രാഷ്ട്രീയം. ആ ഒരു രംഗത്തിന് വേണ്ടിയാണ് സിനിമ ഉണ്ടായതെന്ന് തോന്നും. ഷൈന്‍ ടോം ചാക്കോയുടെ അഭിനയമാണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം. ഒരൊറ്റ യാത്രയില്‍ സച്ചിയുടേയും വസുധയുടേയും ജീവിതത്തിലുണ്ടാകുന്ന തിരിച്ചറിവുകളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ചിത്രത്തിന്റെ യഥാര്‍ത്ഥ മൂഡ് പ്രേക്ഷകന് പകരുന്ന മെറ്റല്‍ സംഗീതം ഹൈലൈറ്റ് ആണ്. നവാഗതന്റെ പരിഭ്രമമില്ലാതെ ചിത്രം സവിധാനം ചെയ്തത് അനുരാജ് മനോഹര്‍.

13. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍

ഒരു തണ്ണീര്‍മത്തന്‍ കഴിച്ച സുഖം. നവാഗതനായ ഗിരീഷ് സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചത് ഈ ഫീല്‍ ഗുഡ് ഉള്ളതുകൊണ്ട് തന്നെയാണ്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളി മനസില്‍ ഇടം പിടിച്ച ഫ്രാങ്കിമോന്‍ എന്ന മാത്യു തോമസ്, അനശ്വര രാജന്‍ എന്നിവരായിരുന്നു മുഖ്യ വേഷങ്ങളില്‍.

തമിഴ്, തെലുങ്ക് സിനിമകളിലൂടെ കണ്ട് മടുത്ത പ്ലസ് ടു ലവ് സ്റ്റോറിയില്‍ നിന്നും തണ്ണീര്‍ മത്തന്‍ ദിനങ്ങളെ വ്യത്യസ്തമാക്കുന്നത് സ്‌കൂള്‍ പരിസരമാണ്. അതിഭാവുകത്വമില്ലാതെ കണ്ടു പരിചയിച്ച അന്തരീക്ഷത്തിലാണ് ചിത്രം പുരോഗമിക്കുന്നത്. വിനീത് ശ്രീനിവാസന്റെ പപ്പന്‍ മാഷ് പതിവ് വില്ലന്മാരുടെ മര്‍മ്മത്തടിച്ചു. ടീനേജ് ഭംഗി ചോരാതെ പ്രണയം ഫലിപ്പിക്കാന്‍ രണ്ട് കുട്ടിത്താരങ്ങള്‍ക്കും കഴിഞ്ഞു. പൊട്ടിച്ചിരിയില്‍ പൊതിഞ്ഞ തണ്ണീര്‍മത്തന്‍ ജനപ്രീതിയില്‍ രുചികരമായി.

12. പ്രതി പൂവന്‍കോഴി

സംവിധായകനും വില്ലനും ഒരാളാണ്. ഇപ്പോള്‍ ഇത്രയും പറഞ്ഞാല്‍ സിനിമ അറിയാം. ‘പ്രതി പൂവന്‍കോഴി’!. ചിത്രത്തിന്റെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസിന്റെ വില്ലന്‍ വേഷം തന്നെയായിരുന്നു സസ്‌പെന്‍സ്. പൊതു ഇടങ്ങളില്‍ പോലും സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന അരക്ഷിതാവസ്ഥയാണ് സിനിമയുടെ അടിസ്ഥാനം. എന്നാല്‍ കരുത്തായി മാറുന്ന നായികയുടെ അന്വേഷണ വഴികളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. പ്രതികാരമെന്നത് ആണിന്റെ അവകാശമായിരുന്നു സിനിമയില്‍. അതിന്റെ പൊളിച്ചെഴുത്ത് കൂടിയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന മാധുരിയിലൂടെ ഈ ചിത്രത്തില്‍ സാധ്യമായത്. മഞ്ജുവിനൊപ്പം അനുശ്രീയും ഗ്രേസ് ആന്റണിയും മികച്ച പ്രകടനത്തിലൂടെ ചിത്രത്തെ ഉറപ്പിച്ചു നിര്‍ത്തുന്നു. സൈജു കുറുപ്പിന്റെ കഥാപാത്രം എടുത്ത് പരാമര്‍ശിക്കേണ്ടതാണ്.

11. ഉയരെ

സ്ത്രീയുടെ കരുത്തിന് അതിരുകളില്ലാത്ത അത്രയം ഉയരമുണ്ടെന്ന് കാണിച്ചു തരുന്ന സിനിമയാണ് ഉയരെ. പല്ലവിയായി പാര്‍വതി നിറഞ്ഞു നിന്ന സിനിമ. നവാഗതനായ മനു അശോകിന്റെ സംവിധാനം. ആസിഫ് അലിയുടെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രം. 2019 ല്‍ ഉയരങ്ങളിലെ ഉയരെ.

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന നായികയുടെ അതിജീവനം മലയാള സിനിമ കണ്ട് പരിചയിച്ചതല്ല. പല്ലവിയുടെ ആഗ്രഹങ്ങളിലേക്കുള്ള യാത്രയാണ് കാമുകനെ അസ്വസ്ഥമാക്കുന്നത്. ശത്രുപക്ഷത്തേക്ക് നിലയുറപ്പിച്ച കാമുകന്‍ പല്ലവിയില്‍ ഉണ്ടാക്കുന്ന ആഴത്തിലുള്ള മുറിവ് അയാളിലെ പ്രണയത്തേയും ന്യായങ്ങളേയും തല്ലി തകര്‍ക്കുന്നതാണ്. ആസിഫ് അലി, ടൊവിനോ, സിദ്ധിഖ് എന്നിവരുടെ അഭിനയം പാര്‍വതിക്കൊപ്പം തന്നെ ഉയരെയാണ്.

10. മാമാങ്കം

പുറനാനൂറില്‍ ഒരു ഭാഗമുണ്ട്.’ശത്രുക്കളെ നേരിടാനുള്ള ഊഴം കാത്തിരിക്കുന്നവനല്ല! കുതിച്ചു വരുന്ന വമ്പന്‍ പടയെ പെട്ടെന്നൊരുമ്പെട്ട് അടക്കാന്‍ ആവതുള്ള മഹാപൗരുഷമാണയാള്‍ക്ക്’. ചരിത്രവും മിത്തും ഇഴ ചേര്‍ത്ത് മാമാങ്കത്തിന്റെ കഥപറഞ്ഞ സിനിമ അടിസ്ഥാനമാക്കുന്നതും ഈ വാക്യത്തെയാണ്.

മമ്മൂട്ടിയും ഉണ്ണി മുകുന്ദനും മാസ്റ്റര്‍ അച്യുതനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം യുദ്ധത്തിന്റെ കഥയല്ല, സമാധാനത്തിന്റെ കഥയാണ്. ചാവേറുകളാകാന്‍ വിധിക്കപ്പെട്ട ഒരു കുടുംബത്തെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. രക്തച്ചൊരിച്ചില്‍ ഇനിയുണ്ടാകരുതെന്ന ചന്ദ്രോത്ത് വലിയ കുറിപ്പിന്റെ നിശ്ചയദാര്‍ഡ്യവും അതിന്റെ പൂര്‍ത്തീകരണവുമാണ് ചിത്രത്തിന്റെ കാതല്‍. 2019 ലെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങളിലൊന്നാണ് മാമാങ്കം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here