Advertisement

2019ലെ മികച്ച 24 ചിത്രങ്ങൾ ( തുടർച്ച)

December 29, 2019
Google News 1 minute Read

09. ലൂസിഫര്‍

മോഹന്‍ലാലിന്റെ ലൂസിഫര്‍; പൃഥ്വിരാജിന്റെയും ! 2019 ലെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രം. മോഹന്‍ലാലിന്റെ മാസ് മാനറിസങ്ങളെല്ലാം ഒരു ആരാധകന്റെ ക്ഷമയോടെ ഒപ്പിയെടുത്ത് പൃഥ്വിരാജ് എന്ന സംവിധായകന്‍. ഒപ്പം മഞ്ജു വാര്യര്‍, ടൊവിനോ, ഇന്ദ്രജിത്ത്, സായ്കുമാര്‍, വിവേക് ഒബ്‌റോയ് എന്നിവരുടെ സൂപ്പര്‍ സാന്നിധ്യം. 2019 ലെ ഹിറ്റുകളില്‍ ലൂസിഫര്‍.
യുക്തിക്കപ്പുറം മോഹന്‍ലാലിന് വേണ്ടി ഭദ്രമായൊരു എന്റര്‍ടെയ്‌നര്‍ എന്നത് മാത്രമായിരുന്നു മുരളീ ഗോപിയുടെ ദൗത്യം. ” നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് ” എന്ന സാഗറിന്റെ പഴയ ഡയലോഗ് ഈ ചിത്രത്തില്‍ സ്റ്റീഫനെക്കൊണ്ട് ആവര്‍ത്തിപ്പിച്ച് പറയിപ്പിച്ചതും അതുകൊണ്ടാണ്. കേരള രാഷ്ട്രീയത്തിന്റെ ചട്ടക്കൂടില്‍ ദേശീയ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ മിനിയേച്ചര്‍ എന്ന്‌തോന്നിപ്പിക്കുന്ന പ്രമേയം. പൂര്‍ണമായും കൊമേഴ്‌സ്യല്‍ ഹിറ്റ്.

08. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25

പുതിയ തലമുറയുടെ തിരക്കുകള്‍ കാരണം ഒറ്റപ്പെട്ടു പോകുന്നവരുടെ കഥയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. ഭാര്യ മരിച്ച വൃദ്ധന്‍ മകന്‍ ദൂരെദേശത്തേക്ക് ജോലി തേടി പോകുന്നതോടെ ഒറ്റയ്ക്കാവുന്നു. കേട്ട് മടുത്ത കഥയാണ്. പക്ഷേ ചിത്രത്തിന്റെ പേരു പോലെ തന്നെ ഒരു ന്യൂജനറേഷന്‍ ട്രീറ്റ്‌മെന്റില്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വ്യത്യസ്തമാകുന്നു.
കഥയും റോബോട്ടും വൃദ്ധനുമാണ് സിനിമയുടെ പ്രധാന ഭാഗങ്ങള്‍. അച്ഛന്റെ ഒറ്റപ്പെടല്‍ മാറ്റാന്‍ മകന്‍ ഒരു റോബോട്ടിനെ വീട്ടിലെത്തിക്കുന്നു. റോബോട്ടുമായി ചങ്ങാത്തത്തിലാകുന്ന ഭാസ്‌കര പൊതുവാള്‍ മകനേക്കാളും യന്ത്രത്തെ സ്‌നേഹിക്കുന്നു. മാതാപിതാക്കളെ അടുത്ത് അടുത്ത് നിന്ന് നോക്കാന്‍ കഴിയാത്ത മക്കളെ ചിന്തിപ്പിക്കുന്ന സാഹചര്യങ്ങള്‍ നിരവധി കഥയില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട് സംവിധായകന്‍. ഭാസ്‌കര പൊതുവാളായി സുരാജും, മകനായി സൗബിന്‍ സാഹിറും വേഷമിടുന്നു. കുഞ്ഞപ്പന്‍ റോബോട്ടിന്റെ വിളിപ്പേരാണ്.

07. ജല്ലിക്കട്ട്

സിനിമാ സങ്കല്പങ്ങളുടെ കെട്ടുപൊട്ടിച്ച് പ്രേക്ഷകര്‍ക്കിടയിലേക്ക് കുതിച്ചു പാഞ്ഞ ജല്ലിക്കെട്ട് രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധേയമായി. റിലീസിന് മുന്‍പ് തന്നെ ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രം. ലിജോ ജോസ് പല്ലിശേരിയുടെ സംവിധാനത്തില്‍ ചെമ്പന്‍ വിനോദ്, സാബു മോന്‍, ആന്റണി വര്‍ഗീസ്, ശാന്തി ബാലചന്ദ്രന്‍ എന്നിവര്‍ ജല്ലിക്കെട്ടിലെ മുഖ്യവേഷങ്ങള്‍ അവതരിപ്പിച്ചു.
നിലനില്‍പിനായുള്ള പോരാട്ടത്തില്‍ മനുഷ്യനിലേക്ക് എത്രമാത്രം മൃഗീയത കടന്നുവന്നുവെന്ന് സിനിമ ചര്‍ച്ച ചെയ്യുന്നു. കീഴടക്കാനുള്ള ആവേശം, ഒത്തുതീര്‍പ്പില്ലാത്ത മത്സരം, മാര്‍ദവമില്ലാത്ത പ്രതികാരം. മനുഷ്യന്റെ ബലഹീനതകള്‍ എല്ലാം സിനിമ വരച്ചു കാട്ടുന്നു. അറവിന് കൊണ്ടുവന്ന ഒരു പോത്ത് കയറ് പൊട്ടിച്ച് ഓടുന്നതും അതിനെ പിടികൂടാന്‍ നാട്ടുകാര്‍ കൂടെ ഓടുന്നതുമായ രംഗങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. കൂടെ ഓടിയ ക്യാമറയും ക്യാമറാമാനും ചിത്രത്തിലെ എടുത്തു പറയേണ്ട താരങ്ങളാണ്. മികച്ച സിനിമകളുടെ പട്ടികയില്‍ ജല്ലിക്കട്ടും.

06. കെട്ട്യോളാണ് എന്റെ മാലാഖ

‘മാരീറ്റല്‍ റേപ്പ്’ മലയാള സിനിമയില്‍ കേട്ടും കണ്ടും പരിചയിക്കാത്ത ഗൗരവമുള്ള വിഷയം. തികഞ്ഞ കൈയടക്കത്തില്‍ നര്‍മത്തില്‍ പൊതിഞ്ഞ് തയാറാക്കിയ ‘ കെട്ട്യോളാണ് എന്റെ മാലാഖ’ 2019 ലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. ആസിഫ് അലിയും വീണ നന്ദകുമാറും മുഖ്യവേഷങ്ങളില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത്.
സ്ലീവാച്ചന്‍ അത്യധ്വാനിയാണ്. കൃത്യമാണ് സ്ലീവാച്ചന്റെ ദിനങ്ങള്‍, കഴിക്കുന്ന മദ്യത്തിന്റെ അളവ് പോലും. ചിട്ടകള്‍ക്കിടയില്‍ ദാമ്പത്യ ജീവിതത്തിന്റെ ചേരുവകള്‍ പഠിക്കാന്‍ വിട്ടുപോയി സ്ലീവാച്ചന്‍. പൗരുഷം തെളിയിക്കലാണ് സെക്‌സ് എന്ന ഉപദേശത്തില്‍ വീണ സ്ലീവാച്ചന് പിന്നെ സംഭവിച്ചത് ദുരന്തമാണ്. സ്ലീവാച്ചന്‍ സ്ത്രീകള്‍ക്കിടയില്‍ വളര്‍ന്ന് അവരെ ബഹുമാനിച്ച് ജീവിച്ചയാളാണ്. പക്ഷേ ഭാര്യ റിന്‍സി സ്ലീവാച്ചനില്‍ നിന്ന് അകലുന്നു. ദാമ്പത്യത്തിലെ ലൈംഗീകതയാണ് സിനിമയുടെ ഇതിവൃത്തമെങ്കിലും ഒരു ഭദ്രമായ കുടുംബ ചിത്രമായി ഒരുക്കാന്‍ സംവിധായകന് കഴിഞ്ഞു. ക്ലൈമാക്‌സിലെ പതിവ് ക്ലിഷേ സിനിമയുടെ വിജയത്തെ പക്ഷേ ബാധിച്ചില്ല.

05. വൈറസ്

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയാണ് ആഷിഖ് അബുവിന്റെ വൈറസ് എന്ന സിനിമയുടെ അടിസ്ഥാനം. വളരെ ചെറിയ സിനിമാറ്റിക് പരിഷ്‌കാരമൊഴിച്ചാല്‍ യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ചിത്രീകരണമാണ് വൈറസ്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ രംഗങ്ങള്‍ക്ക് മുകളിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ തെളിയുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ശ്വാസമടക്കിപ്പിടിച്ചിരിക്കുന്ന ആറ് മിനിറ്റുകള്‍. ശ്രീനാഥ് ഭാസിയുടെ ഡോക്ടറായുള്ള പകര്‍ന്നാട്ടം. തുടര്‍ന്ന് സിനിമ പ്രേക്ഷകന് കാത്തുവച്ചിരിക്കുന്ന സമ്മര്‍ദമെന്തെന്ന് തെളിയിക്കുന്ന തുടക്കം. പാര്‍വതി, സൗബിന്‍ സാഹിര്‍, ആസിഫ് അലി, ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, ടൊവിനോ, റിമാ കല്ലിങ്കല്‍ തുടങ്ങി അഭിനയം കൊണ്ട് മനസ് കീഴടക്കിയ പ്രതിഭകളുടെ സംഗമം. മന്ത്രിയായി രേവതിയുടെ സാന്നിധ്യം. നിപ്പ വിതച്ച ഭീതി അതിനേക്കാള്‍ ഗൗരവത്തില്‍ വൈറസ് പകര്‍ത്തിയിരിക്കുന്നു.

04. വികൃതി

കൊച്ചിയില്‍ മെട്രോറെയില്‍ പ്രവര്‍ത്തനമാരംഭിച്ച ആദ്യ ദിനങ്ങളിലാണ് ഒരു ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയത്. മദ്യപിച്ച് ലക്കുകെട്ട മെട്രോയില്‍ ഉറങ്ങുന്നയാളെന്ന ടൈറ്റിലടക്കമാണ് ചിത്രം പ്രചരിച്ചത്. ചിത്രവും ക്യാപ്ഷനും തെറ്റായിരുന്നു. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത ഒരു മനുഷ്യന്‍ തളര്‍ന്ന് മയങ്ങിയതായിരുന്നു സംഭവം. ഈ സംഭവമാണ് വികൃതി എന്ന ചിത്രത്തിനാധാരം.

സുരാജ് വെഞ്ഞാറമൂടും സൗബിന്‍ സാഹിറുമാണ് എല്‍ദോ, സമീര്‍ എന്നീ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിഷ്‌കളങ്കമെന്ന് കരുതുന്ന വികൃതികള്‍ മറ്റുള്ളവരുടെ ജീവിതത്തെ എത്രമേല്‍ ഗുരുതരമായി ബാധിക്കുമെന്ന് ചിത്രം പറയുന്നു. രണ്ട് നടന്മാരും മത്സരിച്ച് അഭിനയിക്കുകയാണ്. സമീറിലെ സംഘര്‍ഷങ്ങളും സമ്മര്‍ദവും ഗംഭീരമാക്കിയ സൗബിന്‍ തന്നെയാണ് ഒരുപടി മുന്നില്‍

03. ഉണ്ട

മമ്മൂട്ടി നായകനായി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട കോടി ക്ലബ്ബുകളുടെ റെക്കോര്‍ഡ് തകര്‍ത്തിട്ടില്ല. മമ്മൂട്ടിയിലെ സൂപ്പര്‍താരം ഉണ്ടയിലില്ല. പക്ഷേ മമ്മൂട്ടിയിലെ അഭിനേതാവിന്റെ വ്യക്തമായ സാന്നിധ്യമാണ് സിനിമയുടെ പ്രത്യേകത.
മാവോയിസ്റ്റ് സാന്നിധ്യമുള്ള ഛത്തീസ്ഗഡിലേക്കുള്ള കേരളാ പൊലീസിന്റെ ദൗത്യസംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനാണ് മമ്മൂട്ടി. താരപരിവേഷം ഒട്ടുമില്ല. പ്രേക്ഷകനൊപ്പം നില്‍ക്കാനായ സാധാരണക്കാരായ പൊലീസുകാര്‍. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ച ഉണ്ട 2019 ലെ മികച്ച ചിത്രങ്ങളുടെ മുന്‍നിരയില്‍ ഉണ്ട്. ശക്തമായ തിരക്കഥയാണ് ഉണ്ടയ്ക്ക്. കൃത്യസ്ഥലത്ത് തറയ്ക്കുന്ന രാഷ്ട്രീയം ശക്തമായി മുന്നോട്ട് വയ്ക്കുന്നുണ്ട് ഉണ്ട.

02. കുമ്പളങ്ങി നൈറ്റ്‌സ്

സിനിമയിലെ ഫ്യൂഡലിസത്തിന്റെ നെറുകയില്‍ തറച്ച ആണിയാണ് കുമ്പളങ്ങി നൈറ്റ്‌സ്. നിറങ്ങളില്ലാത്തവര്‍ക്ക് വര്‍ണക്കാഴ്ചകളൊരുക്കിയ തുരുത്താണ് ഈ ചിത്രം. ഷൈജു ഖാലിദിന്റെ ക്യാമറയിലൂടെ നമ്മള്‍ കണ്ട കാഴ്ചകള്‍ പറയുന്ന രാഷ്ട്രീയവും അതു തന്നെ.
പട്ടിയേയും പൂച്ചയേയും ഉപേക്ഷിക്കാന്‍ നാട്ടുകാര്‍ കണ്ടെത്തിയ തീട്ടപ്പറമ്പിലെ നാലാണുങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ. ഒരു ജനാലയിലൂടെയെന്നവണ്ണം കണ്ടാസ്വദിക്കാന്‍ കഴിയുന്ന യഥാര്‍ത്ഥ കാഴ്ചകള്‍. സ്വാഭാവിക അഭിനയം. സൗബിന്‍, ഫഹദ് ഫാസില്‍, ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം നിറസാന്നിധ്യമായി മാത്യു എന്ന ഫ്രാങ്കിമോന്‍. അന്ന ബെന്‍, ഗ്രേസ് ആന്റണി എന്നിവരുടെ അഭിനയ മികവും എടുത്ത് പറയണം. പ്രത്യേകിച്ച് കഥകളില്ലാത്ത മനുഷ്യരുടെ കഥ പറഞ്ഞത് ശ്യാം പുഷ്‌കര്‍ ആണ്. സംവിധാനം നവാഗതനായ മധു സി നാരായണന്‍.

01. തമാശ

ശരീരത്തിന്റെ രാഷ്ട്രീയം പറഞ്ഞ തമാശയാണ് പോയ വര്‍ഷത്തെ ശക്തിയുള്ള സിനിമ. ബോഡി ഷെയിമിംഗ് ഒരു കച്ചവട ചേരുവ മാത്രമായിരുന്നുവെങ്കില്‍ തമാശയില്‍ അത് കാമ്പുള്ള കഥാതന്തുവാണ്. നിറവും താടിയും മുടിയുമൊക്കെ സൗന്ദര്യത്തിന്റെ അളവുകോലുകളാകുന്ന കാലത്ത് മാറ്റി നിര്‍ത്തപ്പെടുന്നവര്‍ക്ക് വേണ്ടി സംസാരിച്ച സിനിമയാണ് തമാശ.
അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും ചിന്നു ചാന്ദ്‌നിയും മുഖ്യവേഷങ്ങളില്‍ തിളങ്ങി. ബോഡിഷെയിമിംഗിന് വിധേയമാകുന്നവര്‍ പോലും തരം കിട്ടിയാല്‍ മറ്റൊരാളിന് നേര്‍ക്ക് പരിഹാസമുതിര്‍ക്കുന്ന കാലത്ത് സംഭവിക്കുന്ന തമാശയില്‍ വിഷയം ഒട്ടും തമാശയുള്ളതല്ല. ചിത്രത്തില്‍ താരപ്പകിട്ടില്ല. പരിമിതികളുള്ള രണ്ട് മനുഷ്യരുടെ സത്യസന്ധമായ പെരുമാറ്റമാണ് സിനിമയുടെ വിജയ രഹസ്യം. തമാശ ശക്തമാണ്.

നവാഗത സംവിധായകര്‍ തിളങ്ങിയ വര്‍ഷം, സൂപ്പര്‍ താരങ്ങളേക്കാള്‍ രണ്ടാംനിര താരങ്ങള്‍ കുതിച്ചുയര്‍ന്ന വര്‍ഷം, ചെറിയ ബജറ്റ് സിനിമകള്‍ക്ക് വലിയ ലാഭമുണ്ടായ വര്‍ഷം. 2019 ലെ മലയാള സിനിമയെ ഇങ്ങനെയൊക്കെ അടയാളപ്പെടുത്താം. 2020 സിനിമയുടെ വലിയ വര്‍ഷമാകട്ടെ. സിനിമയെ കാത്തിരിക്കുന്നവര്‍ക്ക് നല്ല കാഴ്ചകളുള്ള പുതിയ വര്‍ഷം ഉണ്ടാകട്ടെ… ആശംസകള്‍.

പിന്നിലെ പേജ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here