2019ലെ മികച്ച 24 ചിത്രങ്ങൾ ( തുടർച്ച)

23. ലോനപ്പന്റെ മാമോദീസ

സിനിമയൊരുക്കുന്നതില്‍ സംഭവിച്ച പുതിയ രസതന്ത്രങ്ങളൊന്നും തന്നെ പരീക്ഷിക്കാതെ ഒരുക്കിയ ചിത്രമാണ് ലോനപ്പന്റെ മാമോദിസ. കുടുംബ പ്രേക്ഷകരുടെ നായകന്‍ ജയറാമാണ് ലോനപ്പന്‍. ഇടക്കാലത്ത് ജയറാമിന് നഷ്ടമായ ഫാമിലിമാന്‍ ഇമേജിനെ ഭംഗിയായി പ്രയോജനപ്പെടുത്താനും അത് വിജയിപ്പിക്കാനും കഴിഞ്ഞു ലിയോ തദേവൂസ് എന്ന സംവിധായകന്. മൂന്ന് പെങ്ങന്മാരുടെ ഒരേയൊരു ആങ്ങള, ഉത്തരവാദിത്തം മുഴുവന്‍ ചുമലിലേറ്റിയ ഗൃഹനാഥന്റെ കഴിവുകള്‍ ഉള്ളിലൊതുക്കി ജീവിക്കുന്ന കലാകാരന്‍. ശരാശരി കുടുംബ പ്രേക്ഷകരെ സന്തോഷിപ്പിക്കാനും കണ്ണീരണിയിക്കാനും ജയറാമിന്റെ ലോനപ്പന് സാധിച്ചു. ട്വിസ്റ്റില്ല, സസ്‌പെന്‍സില്ല!.

സഹോദരിമാരുടെ വേഷത്തിലെത്തിയ ശാന്തികൃഷ്ണ, നിഷ സാരംഗ് എന്നിവര്‍ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍ എന്നിവരുടെ സാന്നിദ്ധ്യം ചിത്രത്തിന്റെ വിജയത്തെ സ്വാധീനിച്ചു.

22. ഡ്രൈവിംഗ് ലൈസന്‍സ്- പ്രേക്ഷക ശ്രദ്ധ, സാമ്പത്തിക വിജയം

ജീന്‍ പോള്‍ ലാലിന്റെ പതിവ് ശൈലി മാറ്റിപ്പിടിച്ച് മലയാളി പ്രേക്ഷകരുടെ പൊതു ആസ്വാദനത്തെ ലക്ഷ്യമിട്ട ഡ്രൈംവിഗ് ലൈസന്‍സ് 2019 ന്റെ അവസാന മാസത്തിലാണ് തിയേറ്ററിലെത്തിയത്. സിനിമാ താരത്തെ അളവറ്റ് ആരാധിക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ കുരുവിളയാകുന്ന സുരാജ് വെഞ്ഞാറമൂടും സൂപ്പര്‍ താരം ഹരീന്ദ്രനാകുന്ന പൃഥ്വിരാജും സിനിമയുടെ മുഖ്യ ആകര്‍ഷണമായി. ആരാധന ശത്രുതയിലേക്ക് വഴി മാറുന്നതും തുടര്‍ന്നുള്ള നാടകീയ രംഗങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പ്രേക്ഷകരെ സ്‌ക്രീനിലേക്ക് കൊളുത്തി നിര്‍ത്താന്‍ വേണ്ട ചേരുവകള്‍ പാകത്തിന് ചേര്‍ത്തൊരു സിനിമ. അതാണ് ഡ്രൈവിംഗ് ലൈസന്‍സ്.

21. ലൂക്ക

2019 ല്‍ പ്രണയം ഇത്രമേല്‍ ആഴത്തില്‍ കൈകാര്യം ചെയ്ത മറ്റൊരു ചിത്രമില്ല. പ്രണയം മാത്രമല്ല, എല്ലാ ബന്ധങ്ങളുടേയും ആഴങ്ങളിലേക്കുള്ള സ്പര്‍ശനമായിരുന്നു അരുണ്‍ ബോസ് സംവിധാനം ചെയ്ത ലൂക്ക എന്ന ചിത്രം.

അരക്ഷിതത്വങ്ങളെ പരസ്പരം സ്വീകരിക്കുന്ന രണ്ട് വ്യക്തികള്‍, എല്ലാ മാനസിക വൈകല്യങ്ങളേയും പരസ്പരം ഉള്‍കൊണ്ടുള്ള അവരുടെ പ്രണയം. ഓരോ ഫ്രെയിമുകളേയും സമ്പന്നമാക്കുന്ന നിറഭേദങ്ങളുടെ കലാസംവിധാനവും അവയെ ഒപ്പിയെടുത്ത ക്യാമറ കണ്ണുകളും ലൂക്കയെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ സഹായിച്ചു.

20. പൊറിഞ്ചു മറിയം ജോസ്

സഹ നടനില്‍ നിന്ന് നായക നടനിലേക്കുള്ള ജോജുവിന്റെ പരകായ പ്രവേശത്തിന് ആക്കം കൂട്ടിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. സൗഹൃദത്തിന്റെ കഥയാണ്. സഫലമാകാതെ പോകുന്ന പ്രണയത്തിന്റെ വേദനയുണ്ട്. മരണമെന്ന സത്യത്തിന്റെ പാതയാണ് ചിത്രത്തിന്റെ കാമ്പ്. പൂര്‍ണമായും പ്രേക്ഷകന്റെ ആസ്വാദനപക്ഷത്ത് നിലയുറപ്പിച്ച് ഒരുക്കിയ കച്ചവട ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. പരിചയ സമ്പന്നനായ ജോഷി എന്ന സംവിധായകന്റെ പതിവ് ശൈലിയില്‍ പരീക്ഷണങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട് പൊറിഞ്ചുവില്‍. ക്ലീന്‍ എന്റര്‍ടെയ്‌നര്‍.

                                                                                                                 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top