Advertisement

ഗവർണർ പങ്കെടുത്ത പരിപാടിയിൽ പ്രോട്ടോക്കാള്‍ ലംഘനമുണ്ടായതായി കണ്ണൂര്‍ സര്‍വ്വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍

December 29, 2019
Google News 2 minutes Read

ഗവര്‍ണര്‍ പങ്കെടുത്ത ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്‍റെ ഉദ്ഘാടന വേദിയില്‍ പ്രോട്ടോക്കാള്‍ ലംഘനമുണ്ടായതായി കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. ഇർഫാൻ ഹബീബിന്റെ പ്രസംഗം ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും വൈസ് ചാൻസിലർ. പ്രോട്ടോക്കോൾ ലംഘനമുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി പിന്നീട് സംഘാടക സമിതി രംഗത്തെത്തി. രാഷ്ട്രീയ പ്രസംഗം നടത്തിയ ഗവർണറാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് ചരിത്രകാരനായ ഇർഫാൻ ഹബീബ് പറഞ്ഞു.

കണ്ണൂർ സർവ്വകലാശാലയിൽ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്‍റെ ഉദ്ഘാടന വേദിയിൽ പ്രോട്ടോക്കാള്‍ ലംഘനമുണ്ടായെന്ന ഗവര്‍ണറുടെ ആരോപണം ശരിവെക്കുകയാണ് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍. ചരിത്ര കോണ്‍ഗ്രസിന്‍റെ മുന്‍ അധ്യക്ഷന്‍ പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബിന്‍റെ പ്രസംഗം ചടങ്ങില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ചടങ്ങിൽ പല കാര്യങ്ങളും ശരിയായ രീതിയിലല്ല നടന്നതെന്നും ഡോ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

ഇതിന് പിന്നാലെ വൈസ് ചാൻസിലറെ തിരുത്തിക്കൊണ്ട് സംഘാടക സമിതിയുടെ പ്രസ് റിലീസ് പുറത്തുവന്നു. ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായിട്ടില്ല. 1935 മുതലുള്ള ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ കീഴ് വഴക്കങ്ങൾ പോലും ഗവർണറുടെ ഓഫീസിന്റെ നിർദേശപ്രകാരം മാറ്റേണ്ടി വന്നു. വേദിയിലിരിക്കേണ്ട എക്സിക്യൂട്ടീവ് അംഗംങ്ങൾക്ക് പോലും സദസിലിരിക്കേണ്ടി വന്നു. ചരിത്ര കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന ഇർഫാൻ ഹബീബിൽ നിന്നും അമിയ കുമാർ ബാഗ്ചി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിന് ഗവർണറുടെ ഓഫീസ് അനുമതി നൽകിയതാണ് എന്നും സംഘാടകർ അറിയിച്ചു.

അതേ സമയം, ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് ഗവർണറെ ക്ഷണിച്ചിട്ടില്ലെന്നും കണ്ണുർ സർവ്വകലാശാലയാണ് ക്ഷണിച്ചതെന്നും പ്രൊഫ. ഇർഫാൻ ഹബീബ് വിശദീകരിച്ചു. പോലീസ് നടപടിയിലടക്കം സംസ്ഥാന സർക്കാർ മറുപടി പറയണം. ഹിസ്റ്ററി കോൺഗ്രസിന്റെ പരിപാടികളിൽ മാറ്റം വരുത്തിയ ഗവർണർക്കും സർവ്വകലാശാലയ്ക്കും എതിരെ ഇർഫാൻ ഹബീബ് രൂക്ഷ വിമർശനം നടത്തുകയും ചെയ്തു.

അതിനിടെ ഗവർണറെ തടഞ്ഞ ഇർഫാൻ ഹബീബിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘ പരിവാർ സംഘടനകൾ ഹിസ്റ്ററി കോൺഗ്രസ് നടക്കുന്ന കണ്ണൂർ സർവ്വകലാശാലയിലേക്ക് മാർച്ച് നടത്തി.

Story Highlights: Irfan Habeeb, NRC, CAA, Arif Mohammed Khan Kannur University

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here