കരിപ്പൂർ വിമാനത്താവളത്തിൽ ജംബോ വിമാന സർവീസുകൾക്ക് അനുമതി

കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജംബോ വിമാനങ്ങൾ സർവീസ് നടത്തുന്നതിന് അനുമതി. ഫെബ്രുവരി 17 മുതൽ കരിപ്പൂർ ജിദ്ദ സർവീസ് തുടങ്ങുമെന്ന് എയർ ഇന്ത്യ വിമാനത്താവള അധികൃതരെ അറിയിച്ചു. കൂടുതൽ സ്വകാര്യ വിമാനക്കമ്പനികളും ജംബോ വിമാന സർവീസുകൾ ആരംഭിക്കുമെന്ന പ്രതീക്ഷ യിലാണ് പ്രവാസികൾ.
അറ്റുകുറ്റ പണികൾക്ക് ശേഷം ഈ വർഷം മെയ് മാസത്തിൽ തന്നെ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി കിട്ടിയിരുന്നെങ്കിലും സ്ഥിരം ജംബോ സർവീസുകൾക്കുള്ള അനുമതി വൈകുകയായിരുന്നു. ഡിസംബർ 24 ന് നടത്തിയ ജംബോ വിമാനത്തിന്റെ പരീക്ഷണ ലാൻഡിംഗ് തൃപ്തികരമായതോടെയാണ് ഇനി മുതൽ സർവീസ് നടത്താൻ എയർ ഇന്ത്യ അനുമതി നൽകിയത്.
2015ലാണ് റൺവേ അറ്റകുറ്റപ്പണിയുടെ പേരിൽ കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ പിൻവലിക്കുന്നത്. കരിപ്പൂരിൽ റൺവേയുടെ അറ്റുകുറ്റ പണിക്ക് ശേഷവും ജംബോ വിമാനങ്ങളുടെ ദൈനംദിന സർവീസുകൾക്ക് അനുമതി വൈകിയിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കും ഇടയാക്കി. ഇതിനിടയിൽ കണ്ണൂർ വിമാനത്താവളം ആരംഭിക്കുകയും വലിയ വിമാനസർവീസുകളടക്കം അങ്ങോട്ടെത്തുകയും ചെയ്തതും കരിപൂരിന് തിരിച്ചടിയായി.
എയർ ഇന്ത്യക്ക് പുറമെ സ്വകാര്യ വിമാനക്കമ്പനികൾ അടക്കം ജംബോ വിമാന സർവീസുകൾ വൈകാതെ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇതോടെ കോഴിക്കോട്. മലപ്പുറം പാലക്കാട് ജില്ലകളിലെ പ്രവാസികളുടെ ഏറെ നാളെത്തെ യാത്രാദുരിതത്തിന് അറുതിയാവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here