ഏറ്റവും കുറഞ്ഞ പ്രതിമാസ റീചാർജ് തുക കുത്തനെ കൂട്ടി എയർടെൽ

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ റീചാർജ് നിരക്ക് കുത്തനെ കൂട്ടി ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ. 35 രൂപയായ പ്രതിമാസ റീചാർജ് നിരക്ക് 45 രൂപ ആയാണ് ഉയർത്തിയിരിക്കുന്നത്. ഇനി മുതൽ മാസം 45 രൂപക്ക് റീചാർജ് ചെയ്തെങ്കിൽ മാത്രമേ ഉപഭോക്താക്കൾക്ക് ഔട്ട്ഗോയിങ്, ഇൻകമിങ് കോൾ സേവനങ്ങൾ ലഭിക്കൂ.
കഴിഞ്ഞ മാസം എയർടെല്ലും വോഡഫോൺ ഐഡിയയും 40 ശതമാനത്തോളം നിരക്കു വർധന വരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും എയർടെൽ നിരക്കു വർധിപ്പിച്ചത്. കഴിഞ്ഞ നവംബറിലാണ് പ്രതിമാസ മിനിമം റീചാർജ് 35 രൂപയായി എയർടെൽ നിശ്ചയിച്ചത്. നേരത്തെ പ്രതിമാസം മിനിമം റീചാർജ് ചെയ്തില്ലെങ്കിലും 15 ദിവസം വരെ ഇൻകമിങ് കോൾ സൗകര്യം നൽകിയിരുന്നു, ഇപ്പോൾ അത് 7 ദിവസമായി കുറച്ചു. ഇതുവഴി റീച്ചാർജ് ചെയ്യാത്ത ഉപഭോക്താക്കളെ തിരിച്ചറിഞ്ഞ് നെറ്റ്‌വർക്ക് ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്താനാവുമെന്നും അതുവഴി സേവനങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും എയർടെൽ അവകാശപ്പെടുന്നു.
എയർടെൽ ഈ നീക്കം നടത്തിയതുകൊണ്ട് തന്നെ മറ്റ് ടെലികോം കമ്പനികളും ഏറെ വൈകാതെ ഈ രീതി സ്വീകരിച്ചേക്കും. അക്കൗണ്ടിൽ ബാലൻസ് ഉണ്ടെങ്കിൽ പോലും പ്ലാൻ കാലാവധി കഴിഞ്ഞാൽ ഔട്ട്ഗോയിങ് സേവനങ്ങളും ഒരാഴ്ച കൂടി കഴിഞ്ഞാൽ ഇൻകമിങ് സേവനങ്ങളും നിലക്കുന്നതു കൊണ്ട് തന്നെ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവു വരാനും സാധ്യതയുണ്ട്.
Story Highlights: Airtel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here