കൂടത്തായി കൊലപാതക പരമ്പര; ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയിൽ അന്വേഷണ സംഘം സമർപ്പിക്കുക. ജോളി ഉൾപ്പെടെ നാല് പ്രതികളാണ് കേസിലുളളത്.
ഭർത്താവ് റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാകാൻ രണ്ട് ദിവസം അവശേഷിക്കുമ്പോഴാണ് പയ്യോളി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസ് കുറ്റപത്രം സമർപ്പിക്കുന്നത്.
നാളെ രാവിലെ 10 മണിക്ക് താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് കുറ്റപത്രം നൽകുക. ആയിരത്തോളം പേജുകളുള്ള സമഗ്രമായി കുറ്റപത്രമാണ് അന്വേഷണ സംഘം തയാറാക്കിയിരിക്കുന്നത്. റോയി തോമസിന്റെ ഭാര്യ ജോളി, റോയ് തോമസിന്റെ ബന്ധു എംഎസ് മാത്യു, താമരശ്ശേരിയിലെ സ്വർണ്ണപ്പണിക്കാരൻ പ്രജു കുമാർ, കട്ടാങ്ങലിലെ സിപിഐഎം മുൻ നേതാവ് മനോജ് എന്നിങ്ങനെ നാല് പ്രതികളാണ് കേസിലുള്ളത്.
സൈനഡ് ശരീരത്തിനുള്ളിൽ കടന്നതാണ് റോയി തോമസ് മരിച്ചതെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കേസിലെ മുഖ്യ തെളിവ്. കൂടാതെ കൊലപാതക കാരണത്തിലേക്ക് നയിച്ച വ്യാജ ഒസ്യത്താണ് കേസിലെ മറ്റൊരു തെളിവ്. ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. കേരള പൊലീസിന് ഏറെ വെല്ലുവിളി നിറഞ്ഞ കേസിൽ ജോളിക്കെതിരെ പഴുതടച്ചുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം നൽകാനൊരുങ്ങുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here