കോട്ടയം നഴ്സിംഗ് കോളേജ് റാഗിങ് കേസ്; മൊബൈൽ ഫോൺ പ്രധാന തെളിവ്, കുറ്റപത്രം സമർപ്പിച്ചു

കോട്ടയം നഴ്സിംഗ് കോളേജ് റാഗിംഗ് കേസിൽ കുറ്റപത്രം സമർപ്പിച്ചു. 40 ഓളം സാക്ഷികളും 32 രേഖകളും കേസിൽ തെളിവായി ഹാജരാക്കി. ഇരകളായ ആറ് വിദ്യാർത്ഥികളും പ്രധാന സാക്ഷികൾ. വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോണാണ് പ്രധാന തെളിവ്. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
നഴ്സിംഗ് കോളേജിലെ റാഗിങ് കൊടുംക്രൂരതയെന്ന് പൊലീസിൻ്റെ കുറ്റപത്രത്തിൽ പറയുന്നു. ഇരകളാക്കപ്പെട്ട വിദ്യാത്ഥികളെ പ്രതികൾ മൂന്ന് മാസത്തിലധികം തുടർച്ചയായി പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ. 45 ദിവസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഗാന്ധിനഗർ പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. കേസിൽ അറസ്റ്റിലായ സീനിയർ വിദ്യാർത്ഥികളായ അഞ്ചുപേർ തന്നെയാണ് പ്രതികൾ.
Read Also: ലഹരി ഉപയോഗത്തിലൂടെ പത്ത് പേര്‍ക്ക് HIV; വളാഞ്ചേരിയില്‍ പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്
കെ പി രാഹുൽരാജ്, റിജിൽ ജിത്ത് ,സാമുവൽ ജോൺസൺ, എൻ. വി. വിവേക്, എൻ എസ് ജീവ എന്നിവർ ചേർന്ന് നടത്തിയത് കൊടും ക്രൂരതയാണ് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അധ്യാപകർക്കോ ഹോസ്റ്റൽ വാർഡനോ സംഭവത്തിൽ പങ്കില്ല. നവംബർ മുതൽ ഫെബ്രുവരി 11 ന് പിടിയിലാകുന്നതിന് മുമ്പ് വരെ ക്രൂരത തുടർന്നു. പ്രതികൾ നിരന്തരം ലഹരി ഉപയോഗിച്ചിരുന്നുവെന്നും കുറ്റപത്രത്തിൽ ഉണ്ട്. ഗാന്ധിനഗർ എസ്എച്ച്ഒ ടി എസ് ശ്രീജിത്തിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 45 ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറിക്കിയത്.
പ്രതികൾ തന്നെ പകർത്തിയ പീഡനത്തിൻറെ ദൃശ്യങ്ങളാണ് കേസിലെ നിർണായക തെളിവ്. തുടർച്ചയായ റാഗിങ്ങ് സ്ഥിരീകരിക്കുന്ന വിവരങ്ങളും പ്രതികളുടെ ഫോണിൽ നിന്ന് കിട്ടിയിട്ടുണ്ട്. ജാമ്യത്തിന് പ്രതികൾ നീക്കം നടത്തിയെങ്കിലും കീഴ്ക്കോടതിയും ഹൈക്കോടതിയും ഇത് തള്ളിയതോടെ അഞ്ച് പ്രതികളും അറസ്റ്റിലായ അന്ന് മുതൽ ജയിലിലാണ്.
Story Highlights : Police submitted Charge sheet in Kottayam Nursing college ragging case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here