കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്; 5 പ്രതികൾക്കും ജാമ്യം

കേരളത്തെ നടുക്കിയ കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നഴ്സിങ് കോളജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. 5 സീനിയർ വിദ്യാർഥികളായ സാമുവൽ, ജീവ, റിജിൽജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവർക്കാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടില്ലെന്നതും കണക്കിലെടുത്തായിരുന്നു ജാമ്യം. ഏകദേശം 50 ദിവസത്തോളം പ്രതികൾ ജാമ്യം ലഭിക്കാതെ പൊലീസ് കസ്റ്റഡിയിൽ കഴിയുകയായിരുന്നു.
ക്രൂരമായ രീതിയിൽ കുറ്റകൃത്യം നടത്തിയ പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തെ തെറ്റായ രീതിയിൽ ബാധിക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ പ്രതികൾക്ക് ജാമ്യം അനുവദിക്കാതിരുന്നത്. എന്നാൽ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട നടപടികൾ അവസാനിച്ചതിനെ പശ്ചാത്തലത്തിലാണ് പ്രതികളായവർക്ക് ജാമ്യം നൽകിയിരിക്കുന്നത് . കുറ്റപത്രം വായിച്ചതിന് ശേഷം വിചാരണനടപടികളിലേക്ക് ഇനി കോടതി കടക്കും.
Read Also: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍
ഫെബ്രുവരി 11നായിരുന്നു ജൂനിയർ വിദ്യാർഥികളുടെ പരാതിയിൽ ഇവർ പിടിയിലാകുന്നത്. തെളിവെടുപ്പിൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ നിന്ന് ആയുധങ്ങൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. നഴ്‌സിങ് കോളേജിൽ ഒന്നാംവർഷ വിദ്യാർഥികൾക്കെതിരെ അതിക്രൂരമായ റാഗിങാണ് നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിദ്യാർഥിയുടെ ശരീരത്തിൽ കോമ്പസ് കൊണ്ട് കുത്തി മുറിവേൽപ്പിച്ചു. പലതവണ കുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിദ്യാർഥികൾ വേദനിച്ച് നിലവിളിച്ചിട്ടും ഉപദ്രവം തുടർന്നു. വിദ്യാർഥികളുടെ കാലിലും മുറിവുകളിലും ലോഷൻ ഒഴിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേൽപ്പിച്ചു.
കൈയും കാലും കെട്ടിയിട്ടായിരുന്നു ക്രൂര മർദനം. നഗ്നരാക്കി നിർത്തുകയും കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തി മുറിപ്പെടുത്തിയുമായിരുന്നു പീഡനം. നിലവിളിക്കുമ്പോൾ വായിൽ ക്രീമും കലാമിൻ ലോഷനും ഒഴിച്ചെന്നും വിദ്യാർഥികൾ പരാതിയിലും പറഞ്ഞിരുന്നു.
Story Highlights : Ragging in Kottayam Nursing College; All 5 accused granted bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here