പൗരത്വ നിയമ ഭേദഗതി; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് വിട്ടുനിന്നതിനെ ന്യായീകരിച്ച് എന്‍എസ്എസ്

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് വിട്ടുനിന്ന നടപടിയെ ന്യായീകരിച്ച് എന്‍എസ്എസ്. മതേതരത്വമാണ് എന്‍എസ്എസ് നിലപാടെന്നും, മന്നത്ത് പത്മനാഭന്‍ നൂറ് വര്‍ഷം മുന്‍പ് പറഞ്ഞത് ആവര്‍ത്തിച്ച് പറയേണ്ട കാര്യമില്ലെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കാനില്ലെന്നും സുകുമാരന്‍ നായര്‍ പരോക്ഷ വിമര്‍ശനത്തിലൂടെ വ്യക്തമാക്കി.

പെരുന്നയില്‍ നടന്ന എന്‍എസ്എസ് ബജറ്റ് സമ്മേളനത്തിലാണ് സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്. മതേതരത്വവും, ജനാധിപത്യവും, സാമൂഹ്യ നീതിയുമാണ് എന്‍എസ്എസ് നയം. പൗരത്വം നിയമത്തിലും ഇതു തന്നെയാണ് നിലപാട്. നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മന്നത്ത് പത്മനാഭന്‍ പറഞ്ഞ ആശയങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച് പറയേണ്ട കാര്യമില്ലെന്ന് സുകുമാരന്‍ നായര്‍. ഇക്കാരണത്താലായിരുന്നു മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് വിട്ട് നിന്നതെന്നാണ് എന്‍എസ്എസിന്റെ വിശദീകരണം.

രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ നിലപാട് പറയുന്നവരാണെന്ന പരോക്ഷ വിമര്‍ശനമാണ് സുകുമാരന്‍ നായര്‍ എസ്എന്‍ഡിപി യോഗത്തിനു നേരെ ഉന്നയിച്ചത്. വെള്ളാപ്പള്ളി നടേശന്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഇല്ലെന്നും സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഉള്‍പ്പെടെ നാല് പ്രമേയങ്ങള്‍ സമ്മേളനം പാസാക്കി.

Story Highlights- Citizenship Amendment Act, NSS to justify abstention from meeting called by CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top