Advertisement

എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാട്; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അൽമായ മുന്നേറ്റം

January 2, 2020
Google News 1 minute Read

എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് അൽമായ മുന്നേറ്റം വീണ്ടും സമരത്തിന്. ഭൂമി ഇടപാടിലെ നഷ്ടം നികത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിനഡിന് അൽമായ മുന്നേറ്റം കത്തു നൽകി. നടപടി ഉണ്ടായില്ലെങ്കിൽ ഈ മാസം ഏഴിന് തുടങ്ങുന്ന സിനഡ് ഉപരോധിക്കുമെന്നും അൽമായ മുന്നേറ്റം നേതാക്കൾ മുന്നറിയിപ്പ് നൽകി. സമരരീതി ചർച്ച ചെയ്യാൻ അൽമായ മുന്നേറ്റം ഇന്ന് ഉച്ചകഴിഞ്ഞ് യോഗം ചേരുന്നുണ്ട്.

ഭൂമി ഇടപാടിൽ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അൽമായ മുന്നേറ്റം, സിറോ മലബാർ സഭ സിനഡിന് സമർപ്പിച്ച കത്തിൽ ആവശ്യപ്പെടുന്നു. ഭൂമി ഇടപാടിൽ 41.51 കോടി രൂപയുടെ നഷ്ടം ഉണ്ടെന്നാണ് ഇഞ്ചോടി കമ്മീഷന്റെ കണ്ടെത്തൽ. മറ്റു കമ്മീഷനുകളുടെ കണ്ടെത്തലുകളനുസരിച്ച് നഷ്ടം ഇതിനും മുകളിലാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ മാസം ഏഴു മുതൽ 15 വരെ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടക്കുന്ന സിറോ മലബാർ സഭയുടെ സിനഡിൽ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. സിനഡിന്റെ പരിഗണനയിലുള്ള മറ്റു വിഷയങ്ങളിലെ ആശങ്കയും അൽമായ മുന്നേറ്റം കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

പുതിയ ആരാധനക്രമം സ്വീകാര്യമല്ലാത്തതിനാൽ നിലവിലുള്ള രീതി തുടരാൻ അനുവദിക്കുക, ദേവാലയങ്ങളിൽ നിന്ന് ക്രൂശിത രൂപം നീക്കം ചെയ്യുന്നതിനെ വിലക്കുക, ആരോപണ വിധേയരുമായ വൈദികരെ ബിഷപ്പുമാരായി വാഴിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുക, ലൈംഗിക, സാമ്പത്തിക ആരോപണങ്ങൾ നേരിടുന്ന വൈദികർക്കും ബിഷപ്പുമാർക്കുമെതിരെ സിനഡ് ശക്തമായ നിലപാട് സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അത്മായ മുന്നേറ്റം ഉന്നയിക്കുന്നത്. നടപടി ഉണ്ടായില്ലെങ്കിൽ ഈ മാസം ഏഴിന് തുടങ്ങുന്ന സിനഡ് ഉപരോധിക്കുമെന്നും അൽമായ മുന്നേറ്റം നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. തുടർന്ന് പ്രത്യക്ഷ സമര പരിപാടികളിലേയ്ക്ക് നീങ്ങാനാണ് തീരുമാനം.

Story Highlights- Ernakulam-Angamaly Archdiocese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here