ബിനാമി പേരിൽ സ്വത്തുക്കൾ സമ്പാദിച്ചതായി പരാതി; ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം

സർവീസിലിരിക്കെ ബിനാമി പേരിൽ സ്വത്തുക്കൾ സമ്പാദിച്ചുവെന്ന പരാതിയിൽ ജേക്കബ് തോമസിനെതിരെ വീണ്ടും അന്വേഷണം. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് അഴിമതി സംബന്ധിച്ച അന്വേഷണ ചുമതല. അന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.
ബിനാമി പേരിൽ തമിഴ്‌നാട്ടിലെ രാജപാളയത്ത് 50 ഏക്കറിലധികം ഭൂമി വാങ്ങിയെന്ന സത്യൻ നരവൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പരാതി പരിശോധിച്ച ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ജേക്കബ് തോമസ് കുറ്റം ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം നടത്തണമെന്ന് ശുപാർശ ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് എസ്പിയെ ചുമതലപ്പെടുത്തി. ജനുവരി 31 നകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. സസ്‌പെൻഷനിലുള്ള ജേക്കബ് തോമസിനെതിരെ നിലവിൽ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ അഴിമതി നടത്തിയെന്ന പരാതിയിലായിരുന്നു വിജിലൻസ് കേസ്. ക്രൈംബ്രാഞ്ച് അന്വേഷണം കൂടി ആരംഭിക്കുന്നതോടെ വിരമിക്കുന്നതിന് മുൻപ് സർവീസിൽ തിരികെ എത്താനുള്ള സാധ്യത മങ്ങുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here