Advertisement

‘മഹാത്മാവിനെ വധിച്ച സവർക്കറിസ്റ്റുകളുടെയും ഗോൾവാക്കറിസ്റ്റുകളുടെയും നാടല്ല ഇന്ത്യ’; അബ്ദുല്ലക്കുട്ടിക്ക് മറുപടിയുമായി കെടി കുഞ്ഞിക്കണ്ണൻ

January 3, 2020
Google News 1 minute Read

ദേശീയ പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പിലാക്കില്ലെന്നറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത ഭാഷയിൽ അവഹേളിച്ച ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടിക്കെതിരെ മറുപടിയുമായി സിപിഐഎം നേതാവ് കെടി കുഞ്ഞിക്കണ്ണൻ. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് കുഞ്ഞിക്കണ്ണൻ അബ്ദുല്ലക്കുട്ടിക്ക് മറുപടി നൽകിയത്.

പൗരത്വഭേദഗതി നിയമത്തെ വിമർശിക്കാനോ എതിർക്കാനോ കേരള നിയമസഭക്ക് അത് റദ്ദ് ചെയ്യണമെന്നാവശ്വപ്പെട്ട് പ്രമേയം പാസാക്കാനോ ഭരണഘടന അനുവദിക്കുന്നുണ്ടോ ഇല്ലയോ എന്ന് ബിജെപി ഉപാധ്യക്ഷനായ അബ്ദുല്ല പഠിക്കണമെന്ന് അദ്ദേഹം കുറിക്കുന്നു. മഹാത്മാവിനെ വധിച്ച സവർക്കറിസ്റ്റുകളുടെയും ഗോൾവാക്കറിസ്റ്റുകളുടെയും നാടല്ല ഇന്ത്യയെന്ന് ഓർമ്മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുഞ്ഞിക്കണ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇത് സവർക്കറിസ്റ്റുകളുടെ
നാടല്ല മിസ്റ്റർ അബ്ദുള്ളക്കുട്ടീ..

അബ്ദുള്ളക്കുട്ടിയെ പോലുള്ള മോഡി അമിത് ഷാഅനുചര സംഘത്തിൽപ്പെട്ടവരിൽ നിന്നും ഫ്യൂഡൽ പുരുഷാധിപത്യ സംസ്കാരത്തിന്റെ പുളിച്ച് തികട്ടലല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പൗരത്വനിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടാൻ പിണറായി വിജയന്റെ ഭാര്യയുടെ സ്വത്താവണം ഈ നാടെന്നൊക്കെ സംഘി വേദികളിൽ പുലമ്പുന്ന അബ്ദുള്ളക്കുട്ടിമാർ ഭരണഘടനയും ഇന്ത്യയുടെ പാർലിമെൻററി നടപടി ക്രമങ്ങളുടെ ചരിത്രവും ശരിക്കൊന്ന് മനസിലാക്കണം.. അതിനൊന്നും മിനക്കെടില്ലെന്നറിയാം… ആവശ്യമില്ലല്ലോ …അധിക്ഷേപങ്ങളും നുണകളും കൊണ്ടാണല്ലോ സംഘികൾ വിദ്വേഷ രാഷ്ട്രീയം കളിക്കുന്നത് ..

പൗരത്വഭേദഗതി നിയമത്തെ വിമർശിക്കാനോ എതിർക്കാനോ കേരള നിയമസഭക്ക് അത് റദ്ദ് ചെയ്യണമെന്നാവശ്വപ്പെട്ട് പ്രമേയം പാസാക്കാനോ ഭരണഘടന അനുവദിക്കുന്നുണ്ടോ ഇല്ലയോ എന്നാണ് ബി ജെ പി ഉപാധ്യക്ഷനായ അബ്ദുള്ള പഠിക്കേണ്ടത്.അശ്ലീല കരമായ ജല്പനങ്ങളിലൂടെ പൗരത്വ നിയമത്തിലെ ഭരണഘടനാവിരുദ്ധമായ ഭേദഗതിയെ സാധൂകരിച്ചെടുക്കാമെന്നാണ് സംഘികൾ കരുതുന്നത് ..

1955 ലെ പൗരത്വ നിയമത്തെ ഭേദഗതി ചെയ്ത് മതാധിഷ്ഠിതമായ പൗരത്വ നിർണയനമാണ് അബ്ദുള്ളക്കുട്ടി മാരുടെ മൊതലാളിയായ അമിത്ഷാ നടത്തിയിരിക്കുന്നത്.മതാടിസ്ഥാനത്തിലുള്ള പൗരത്വ നിയമം മതരാഷ്ട്രത്തിലേക്കുള്ള നിർണായക ചുവട് വെപ്പായിരിക്കും. അത് ഈ രാജ്യത്തെ വിദ്യാർത്ഥികളും ബുദ്ധിജീവികളും മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളും തിരിച്ചറിയുന്നു.അവർ നിയമത്തിനെതിരെ പൊരുതുന്നു… കേരള മുഖ്യമന്ത്രി ഈ പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടെന്നതാണ് സംഘികളെ അസ്വസ്ഥരും പ്രകോപിതരുമാക്കുന്നതും…

ഹിന്ദുക്കളും മുസ്ലിങ്ങളും ഒരു രാഷ്ട്രമാണെന്നും ഹിന്ദു മുസ്ലിം മൈത്രിയില്ലാതെ സ്വരാജ് സാധ്യമല്ലെന്നും പഠിപ്പിച്ച മഹാത്മാവിന്റെ നാടാണിത്. ആ മഹാത്മാവിനെ വധിച്ച സവർക്കറിസ്റ്റുകളുടെയും ഗോൾവാക്കറിസ്റ്റുകളുടെയും നാടല്ലാ ഇന്ത്യയെന്ന് അബ്ദുള്ളക്കുട്ടിമാർ ഓർക്കുന്നത് നന്ന്… ഗോഡ്സെ യെ വീരപുരുഷനാക്കുന്നവരുടെ കൂടെ ചേർന്ന് ജനനേതാക്കളെ അധിക്ഷേപിക്കുന്നവരെ അർഹിക്കുന്ന അവജ്ഞയോടെ തന്നെയാണ് മലയാളിസമൂഹം കാണുന്നത് …

നേരത്തെ, പൗരത്വ നിയമഭേദഗതിയും പൗരത്വ രജിസ്റ്ററും കേരളത്തിൽ നടപ്പിലാക്കില്ലെന്നു പറയാൻ അത് പിണറായി വിജയൻ്റെ ഭാര്യ പുറപ്പെടുവിച്ച ഉത്തരവല്ലെന്നാണ് അബ്ദുല്ലക്കുട്ടി പരിഹസിച്ചത്. കേരളത്തിലെ മുസ്ലിം പള്ളികളിൽ പറയുന്നത് കേന്ദ്ര സർക്കാരിനെതിരായ പച്ചയായ രാഷ്ട്രീയമാണെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു.

“ലോക്‌സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണിത്. അത് സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സാധിക്കില്ലെങ്കില്‍ പഴയ പാര്‍ട്ടി സെക്രട്ടറി പണിക്ക് പോകാം. ന്യൂനപക്ഷം ഭൂരിപക്ഷമായാല്‍ ഇന്ത്യയിലെ മതേതരത്വം തകരും. എന്നാൽ, ഇന്ത്യ ഹിന്ദു ഭൂരിപക്ഷമായി തുടരുന്നിടത്തോളം കാലം രാജ്യത്തെ മതേതരത്വം നിലനില്‍ക്കും. ഇന്ത്യയിലെപ്പോലെ മതസ്വാതന്ത്ര്യം എവിടെയുമില്ല. അയൽ രാജ്യങ്ങളിൽ ഭൂരിപക്ഷ പീഡനത്തിൻ്റെ പേരിൽ ഇന്ത്യയിലെത്തി പുഴുക്കളെ പോലെ ജീവിക്കുന്നവരോടുളള കാരുണ്യമാണ് പൗരത്വ നിയമം”- അബ്ദുല്ലക്കുട്ടി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here