ഡൽഹി ഇത്തവണ കലക്കും

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച ടീമായിരുന്നു കഴിഞ്ഞ സീസണിലെ ഡൽഹി ക്യാപിറ്റൽസ്. യുവ നായകനു കീഴിൽ ഒരു കൂട്ടം യുവകളിക്കാർ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ ഏഴു വർഷങ്ങൾകു ശേഷം ഒരിക്കൽ കൂറ്റി ഡൽഹി പ്ലേ ഓഫ് കണ്ടു. പ്ലേ ഓഫിലെ ക്വാളിഫയർ വിജയിച്ചുവെങ്കിലും എലിമിനേറ്ററിൽ കാലിടറി. എങ്കിലും തല ഉയർത്തിപ്പിടിച്ചാണ് പോണ്ടിങ്ങിൻ്റെ കുട്ടികൾ കളം വിട്ടത്. ഇക്കൊല്ലത്തെ ലേലത്തിൽ എന്തായിരിക്കും ഡൽഹിയുടെ തന്ത്രമെന്നത് ക്രിക്കറ്റ് ആരാധകരുടെയൊക്കെ കൗതുകമായിരുന്നു. ചില മികച്ച നീക്കം ഡൽഹി നടത്തുകയും ചെയ്തു.
ലേലത്തിനു മുൻപ് തന്നെ രാജസ്ഥാൻ റോയൽസിൽ നിന്ന് അജിങ്ക്യ രഹാനയെ ടീമിലെത്തിച്ച ഡൽഹി മധ്യനിരയിൽ ഉത്തരവാദിത്തവും മത്സരപരിചയവും ഉറപ്പിച്ചു. ലേലത്തിൽ എട്ട് താരങ്ങളെയാണ് ഡൽഹി വാങ്ങിയത്. ഷിംറോൺ ഹെട്മെയർ, ജേസൻ റോയ്, ക്രിസ് വോക്സ്, മാർക്കസ് സ്റ്റോയിനിസ്, അലക്സ് കാരി എന്നീ വിദേശ താരങ്ങളെയും ലളിത് യാദവ്, തുഷാർ ദേശ്പാണ്ഡെ, മോഹിത് ശർമ്മ എന്നീ ഇന്ത്യൻ താരങ്ങളെയുമാണ് ഡൽഹി ടീമിലെത്തിച്ചത്.
ഇതിൽ ഷിംറോൺ ഹെട്മയർ ഫൈനൽ ഇലവനിൽ ഉറപ്പാണ്. സമീപകാലത്ത് ഹെട്മെയർ സൂക്ഷിക്കുന്ന ഗംഭീര ഫോമും ഏത് ബൗളറെയും തല്ലിത്തകർക്കാനുള്ള കഴിവും ബാറ്റിംഗ് ഓർഡറിൽ എവിടെയായാലും ബാറ്റ് ചെയ്യുമെന്ന ഗുണവും ഹെട്മെയറിനു നേട്ടമാണ്. പൃഥ്വി ഷാ, ശ്രേയസ് അയ്യർ എന്നിവരും ഫൈനൽ ഇലവനിൽ ഉറപ്പാണ്. ഓപ്പണിംഗിൽ അയ്യർക്കൊപ്പം ശിഖർ ധവാനോ അജിങ്ക്യ രഹാനെയോ പാഡണിയും. ജേസൻ റോയ്-ശിഖർ ധവാൻ സഖ്യം ഓപ്പൺ ചെയ്ത് ശ്രേയാസ് അയ്യർ മൂന്നാം നമ്പറിലും അജിങ്ക്യ രഹാനെ നാലാം നമ്പറിലും ഇറങ്ങുക എന്നതാണ് ടീം ബാലൻസിനു നല്ലത്. അഞ്ചാം നമ്പറിൽ ഹെട്മെയർക്കും ആറാം നമ്പരിൽ ഋഷഭ് പന്തിനും കളിക്കാം.
ബൗളിംഗ് യൂണിറ്റിന് കാര്യമായ മാറ്റം ഉണ്ടാവാൻ സാധ്യതയില്ല. കഗീസോ റബാഡ, ഇഷാന്ത് ശർമ്മ, കീമോ പോൾ/അവേഷ് ഖാൻ എന്നിവർ പേസർമാരായും ആർ അശ്വിനോ അമിത് മിശ്രയോ സ്പിന്നറായും ടീമിലെത്തും. അക്സർ പട്ടേൽ, ക്രിസ് വോക്സ്, മാർക്കസ് സ്റ്റോയിനിസ് എന്നീ ഓൾറൗണ്ടർമാരെ ഡൽഹി എങ്ങനെ ഉപയോഗിക്കുമെന്നത് കണ്ടറിയണം. എക്സ്പീരിയൻസ്ഡായ രണ്ട് സ്പിന്നർമാരിൽ ആരെയെങ്കിലും മാറ്റി നിർത്തി അക്സറിന് അവസരം നൽകുമോ എന്നതാണ് ആദ്യത്തെ ചോദ്യം. ഒപ്പം ക്രിസ് വോക്സോ മാർക്കസ് സ്റ്റോയിനിസോ എന്ന ചോദ്യവും കുഴപ്പിക്കുന്നതാവും. ബാറ്റിംഗ് പരിഗണിക്കുമ്പോൾ സ്റ്റോയിനിസും ബൗളിംഗ് പരിഗണിക്കുമ്പോൾ വോക്സും മാർക്ക് നേടുന്നുണ്ട്.
എന്തായാലും പോണ്ടിങിന് സന്തോഷമുണ്ടാക്കുന്ന തലവേദനയാണ് ഈ ടീം. ബെഞ്ച് ശക്തമായതു കൊണ്ട് തന്നെ ചില പരീക്ഷണങ്ങൾക്കും സാധ്യത കാണുന്നുണ്ട്.
Story Highlights: Delhi Capitals, IPL Auction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here