ഇന്ത്യൻ ടീമിന്റെ ബാക്കപ്പ് താരങ്ങളുടെ പട്ടികയിൽ രണ്ട് മലയാളി താരങ്ങൾ; സഞ്ജു ഇല്ല

ഇന്ത്യൻ ടീമിൻ്റെ മുഖ്യ സെലക്ടർ എംഎസ്കെ പ്രസാദ് ഇന്ത്യയുടെ ബാക്കപ്പ് താരങ്ങളെ പ്രഖ്യാപിച്ചു. മുഖ്യ സെലക്ടർ സ്ഥാനത്തു നിന്ന് താൻ ഉടൻ തന്നെ സ്ഥാനമൊഴിയുമെന്നും പുതിയ സെലക്ടർമാർ സ്ഥാനമേൽക്കുമെന്നും അറിയിച്ചു കൊണ്ടാണ് അദ്ദേഹം ബാക്കപ്പ് താരങ്ങളെ പ്രഖ്യാപിച്ചത്. രണ്ട് മലയാളി താരങ്ങൾ ഉൾപ്പെടെയുള്ള പട്ടികയാണിത്. എന്നാൽ സഞ്ജു സാംസണിന് ഇടം ലഭിച്ചില്ല.
മലയാളി പേസർമാരായ സന്ദീപ് വാര്യരും ബേസിൽ തമ്പിയുമാണ് ബാക്കപ്പ് താരങ്ങളുടെ പട്ടികയിലുള്ള മലയാളികൾ. ബുംറ, ഷമി, ഇഷാന്ത് സഖ്യം ഗംഭീരമായ പ്രകടനങ്ങൾ കാഴ്ച വെക്കുന്നുണ്ടെന്നും ബാക്കപ്പ് താരങ്ങളായി അവർക്ക് പകരക്കാരാകാൻ കഴിയുന്ന ബൗളർമാർ നമുക്കുണ്ടെന്നും പ്രസാദ് വെളിപ്പെടുത്തി. സന്ദീപിനും ബേസിലിനുമൊപ്പം മറ്റു നാല് താരങ്ങൾ കൂടി ബാക്കപ്പ് ബൗളർമാരുടെ പട്ടികയിലുണ്ട്. നവ്ദീപ്‌സൈനി, ആവേശ് ഖാൻ, ഇഷാൻ പോറൽ, മൊഹമ്മദ് സിറാജ് എന്നിവരാണ് ഈ നാലു താരങ്ങൾ.
ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റിലാവട്ടെ, കഴിഞ്ഞ മൂന്ന് ടി-20 സീരീസുകളിലായി ഇന്ത്യൻ ടീമിൽ തുടരുന്ന മലയാളി താരം സഞ്ജു സാംസണിനെ പ്രസാദ് തഴഞ്ഞത് ഞെട്ടിക്കുന്നതായി. ലോകേഷ് രാഹുൽ, പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, പ്രിയങ്ക് പഞ്ചൽ എന്നിവരാണ് ബാക്കപ്പ് ബാറ്റ്സ്മാന്മാർ. ഈ പട്ടികയിൽ പ്രിയങ്ക് പഞ്ചലും അഭിമന്യു ഈശ്വരനും ഇതുവരെ ഇന്ത്യൻ ടീമിൽ ഇടം പിടിക്കാത്തവരാണ്. ഇവരെ ഉൾപ്പെടുത്തി സഞ്ജുവിനെ തഴഞ്ഞത് പ്രതിഷേധങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
Story Highlights: Sanju Samson, Basil Thampi, Sandeep Warrier, MSK Prasad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here