അമിത് ഷായ്ക്ക് ‘ഗോ ബാക്ക്’ വിളിച്ചത് മലയാളി അഭിഭാഷകയും സുഹൃത്തും

അമിത് ഷായ്ക്ക് ഗോ ബാക്ക് വിളിച്ചത് മലയാളി അഭിഭാഷകയായ സൂര്യയും സുഹൃത്ത് ഹർമിയയും. കൊല്ലം സ്വദേശിയാണ് സൂര്യ. ഉടൻ പൊലീസ് ഇവരുടെ വീടിന് കാവലേർപ്പെടുത്തി. യുവതികളോട് വീട് ഉടൻ ഒഴിയണമെന്ന് ഉടമസ്ഥൻ ആവശ്യപ്പെട്ടതായാണ് വിവരം.
Read Also: ഡൽഹിയിൽ വീട് കയറി പ്രചാരണത്തിനിടെ അമിത് ഷായ്ക്ക് ‘ഗോ ബാക്ക്’വിളി
പൗരത്വ നിയമ ഭേദഗതി വിശദീകരിക്കുന്ന ബിജെപിയുടെ ഗൃഹ സമ്പർക്ക പരിപാടിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യുവതികളുടെ ‘ഗോ ബാക്ക്’ വിളി. ഡൽഹിയിലെ ലജ്പത് നഗറിലെ ചണ്ഡി ബസാറിലാണ് പ്രതിഷേധമുണ്ടായത്. അമിത് ഷാ നടന്നു പോകുന്നതിനിടെ വീട്ടിൽ നിന്ന് പ്രതിഷേധ ബാനറുകളും ഇവർ താഴേക്കെറിഞ്ഞു.
ഒരു വീട്ടിൽ സന്ദർശനം നടത്തി മറ്റൊരു വീട്ടിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ‘ഗോ ബാക്ക്’ വിളിയുയർന്നത്. വീടിന്റെ ബാൽക്കണിയിൽ നിന്ന് രണ്ട് യുവതികൾ അമിത് ഷാ ഇവിടെ നിന്ന് പോകണമെന്ന് ഉറക്കെ വിളിച്ച് പറയുകയായിരുന്നു. പിന്നീട് റോഡിലേക്ക് നിയമ ഭേദഗതിക്കെതിരായ ബാനറുകളും വലിച്ചെറിഞ്ഞു.
യുവതികൾക്ക് നേരെ നിയമ നടപടി എടുക്കുമോ എന്ന് വ്യക്തതയില്ല. പാർട്ടിയുടെ ശക്തികേന്ദ്രമായ ലജ്പത് നഗറിൽ നിന്ന് പ്രതിഷേധം ഉണ്ടായത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. പരിപാടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് അമിത് ഷാ മടങ്ങിയത്. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ ഉത്തർപ്രദേശിലെ ഗാസിയബാദിലെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലക്‌നൗവിലും ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ജയ്പൂരിലും ഗൃഹസന്ദർശനത്തിനെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here