ദ്രാവിഡ് തന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ; ഗാംഗുലിയും കുംബ്ലെയും പിന്തുണച്ചിട്ടുണ്ട്: ധോണിയെ പരാമർശിക്കാതെ ഇർഫാൻ പത്താൻ

തന്നെ ഏറ്റവുമധികം പിന്തുണച്ച ക്യാപ്റ്റൻ രാഹുൽ ദ്രാവിഡാണെന്ന് കഴിഞ്ഞ ദിവസം വിരമിച്ച മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ദ്രാവിഡിനൊപ്പം ഗാംഗുലിയും കുംബ്ലെയും തന്നെ പിന്തുണച്ചിട്ടുണ്ടെന്നും പത്താൻ പറഞ്ഞു. വിരമിക്കൽ പ്രഖ്യാപനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇർഫാൻ. ധോണിയുടെ പേര് പരാമർശിക്കാതിരുന്നത് വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്.
ദ്രാവിഡിനെ ഏറെ പുകഴ്ത്തിയ താരം അദ്ദേഹമാണ് നായകനെന്ന നിലയിൽ തന്നെ ഏറെ ഉപയോഗിച്ചിട്ടുള്ളതെന്നും വെളിപ്പെടുത്തി. ബൗളറെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും ദ്രാവിഡ് തന്നെ നന്നായി ഉപയോഗിച്ചെന്നും അക്കാലത്ത് തൻ്റെ ബാറ്റിംഗ് മികച്ചതായിരുന്നുവെന്നും ഉർഫാൻ പറഞ്ഞു. ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനു ശേഷം തനിക്ക് ടോപ്പ് ഓർഡറിൽ സ്ഥാനം ലഭിച്ചിട്ടില്ലെന്നും ഇർഫാൻ പറഞ്ഞു. കുംബ്ലെ, ഗാംഗുലി എന്നിവരെയും ഇർഫാൻ പുകഴ്ത്തി.
അതേ സമയം, ധോണി തനിക്ക് പിന്തുണ നൽകിയിട്ടില്ലെന്ന് അദ്ദേഹത്തെ പേരെടുത്ത് പരാമർശിക്കാതെ ഇർഫാൻ കുറ്റപ്പെടുത്തി. “ടീം മാനേജ്മെൻ്റിൽ നിന്നോ ക്യാപ്റ്റനിൽ നിന്നോ എനിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ലെന്ന് പലർക്കും തോന്നിയിട്ടുണ്ട്. അതെൻ്റെ നിയന്ത്രണത്തിലായിരുന്നില്ലെന്ന് ഞാൻ കരുതുന്നു. ടീമിനു വേണ്ടി നല്ല പ്രകടനങ്ങൾ നടത്തുക എന്നതായിരുന്നു എൻ്റെ ലക്ഷ്യം. എനിക്കതിനു കഴിഞ്ഞതിൽ ഞാൻ കൃതാർത്ഥനാണ്. ഞാൻ 300ആം വിക്കറ്റെടുത്തപ്പോൾ എൻ്റെ പ്രായം 27 ആയിരുന്നു. ആ വയസ്സിൽ സാധാരണ ഫോം ഉന്നതിയിൽ നിൽക്കുന്ന സമയമാണ്. പക്ഷേ, അതിനു ശേഷം ഞാൻ രാജ്യാന്തര മത്സരം കളിച്ചിട്ടില്ല. എന്തുകൊണ്ടാണ്? എനിക്കറിയില്ല. ഭാവിയിൽ ചിലപ്പോൾ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിഞ്ഞേക്കും”- ഇർഫാൻ പറഞ്ഞു.
2011ലാണ് ഇർഫാന് 27 വയസ്സ് പൂർത്തിയാകുന്നത്. ആ വർഷം മുതലാണ് മൂന്ന് ഫോർമാറ്റിലും എംഎസ് ധോണി ഇന്ത്യയെ നയിക്കാൻ തുടങ്ങിയത്. 2015 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിൽ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു മത്സരം പോലും അദ്ദേഹം കളിച്ചിരുന്നില്ല. അടുത്ത വർഷം അദ്ദേഹത്തെ റിലീസ് ചെയ്യുകയും ചെയ്തു. ചെന്നൈയുടെ നായകനും ധോണി തന്നെയായിരുന്നു.
Story Highlights: Irfan Pathan, MS Dhoni, Rahul Dravid, Anil Kumble, Sourav Ganguly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here