ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം: ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്പില് പ്രതിഷേധം

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്പില് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു. പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയിരിക്കുന്ന എയിംസ് ആശുപത്രിക്ക് മുന്നിലും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്.
പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എത്തി. ജെഎന്‍യു പരിസരത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കനത്ത പൊലീസ് സുരക്ഷ പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജെഎന്‍യുവില്‍ ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റിന് ഐഷ ഘോഷിനും നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റു. കഴിഞ്ഞ ദിവസം എബിവിപി പ്രവര്‍ത്തകരും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെയും സംഭവം.
സെക്യൂരിറ്റി ജീവനക്കാരന് സമരക്കാരെ മര്‍ദിച്ച സംഭവമാണ് എബിവിപി പ്രവര്‍ത്തകരും സമരക്കാരും തമ്മിലുള്ള സംഘര്‍ഷമായി മാറിയത്. അമ്പതോളം പേരാണ് അക്രമം നടത്തുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here