Advertisement

ആണവ കരാറിൽ നിന്ന് പിൻമാറുന്നതായി ഇറാൻ

January 6, 2020
Google News 0 minutes Read

ആണവ കരാറിൽ നിന്ന് പിൻമാറുന്നതായി ഇറാൻ. 2015ലെ ഉടമ്പടി പ്രകാരമുള്ള യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള നിയന്ത്രണം പാലിക്കില്ലെന്ന് പ്രസ്താവനയിൽ ഇറാൻ വ്യക്തമാക്കി. ടെഹ്‌റാനിൽ ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് ഇറാന്റെ പ്രഖ്യാപനം.

പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയുള്ള പ്രഖ്യാപനം യുദ്ധമുണ്ടായാൽ ഇറാൻ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന സൂചനയാണ് നൽകുന്നത്. 2015ലെ ഉടമ്പടി പ്രകാരം തങ്ങളുടെ ആണവ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും ആണവ പരിശോധനക്കായി അന്താരാഷ്ട്ര പരിശോധകരെ അനുവദിക്കാനും ഇറാൻ സമ്മതിച്ചിരുന്നു.

എന്നാൽ, 2018ൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങി. ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് തലവൻ കാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് ശേഷം പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ ദിനംപ്രതി വർദ്ധിക്കുകയാണ്. ഇന്നലെ ഡോണൾഡ് ട്രംപും ഇറാനും പരസ്പരം വെല്ലുവിളികൾ ഉയർത്തിയിരുന്നു. ഇറാൻ പുണ്യനഗരമായ ക്യോം ജാംകരനിലെ പള്ളിയുടെ താഴികക്കുടത്തിൽ യുദ്ധസൂചകമായി ചുവന്ന കൊടി ഉയർത്തി. തുടർന്ന് ആക്രമിച്ചാൽ ശതകോടികളുടെ ആയുധങ്ങൾ ഇറാനിലെത്തുമെന്നും ഇതുവരെ കാണാത്ത ആയുധങ്ങളുടെ മൂർച്ച ഇറാൻ തിരിച്ചറിയുമെന്നും ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല ഇറാനിലെ 52 കേന്ദ്രങ്ങൾ തങ്ങളുടെ പൂർണ നിരീക്ഷണത്തിലാണെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ഇതിന് മറുപടിയായി യുദ്ധം ചെയ്യാൻ അമേരിക്കക്ക് ധൈര്യമില്ലെന്ന് ഇറാൻ തിരിച്ചടിച്ചിരുന്നു.

അതേസമയം, ഇറാഖ് പാർലമെന്റ് രാജ്യത്തെ അമേരിക്കൻ സൈനികരെ പുറത്താക്കാനും കാസിം സൊലൈമാനിയുടെ കൊലപാതകത്തിൽ യുഎന്നിൽ പരാതി നൽകാനും ഇന്നലെ പ്രമേയം പാസാക്കി. ഇതിനിടെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ ഞായറാഴ്ച വൈകിട്ട് ആക്രമണമുണ്ടായതായി വാർത്തകളുണ്ട്. എംബസിക്ക് നേരെ നാല് റൗണ്ട് വെടിവയ്പ്പുണ്ടായതായി ബിബിസി റിപ്പോർട്ട് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here