ഷെയ്‌ൻ നിഗം വിഷയത്തിൽ ഒത്തുതീർപ്പായില്ല; മോഹൻലാലിനെ തള്ളി നിർമാതാക്കൾ

ഷെയ്‌ൻ നിഗം വിഷയത്തിൽ ഒത്തു തീർപ്പായെന്ന താരസംഘടന എഎംഎംഎ പ്രസിഡൻ്റ് മോഹൻലാലിൻ്റെ പ്രസ്താവനയെ തള്ളി നിർമാതാക്കൾ. ഒത്തുതീർപ്പിനെക്കുറിച്ച് അറിയില്ലെന്നും മോഹൻലാൽ പറഞ്ഞതിനെപറ്റി ധാരണയില്ലെന്നും അവർ അറിയിച്ചു. ഉല്ലാസം സിനിമയുടെ ഡബിംഗ് പൂർത്തിയാക്കാതെ ഷെയ്‌ൻ നിഗവുമായി ചർച്ചക്കില്ലെന്നും നിർമാതാക്കൾ അറിയിച്ചു.

നേരത്തെ താര സംഘടനയായ എഎംഎംഎയുടെ ചർച്ചയിലാണ് തർക്കങ്ങൾക്ക് പരിഹാരമായെന്ന് മോഹൻലാൽ അറിയിച്ചത്. ഷെയ്ൻ കരാർ ഒപ്പിട്ട ചിത്രങ്ങളിൽ അഭിനയിക്കുമെന്നും ഡബ് ചെയ്യാനുള്ള സിനിമകളിൽ ഡബ് ചെയ്യുമെന്നും മോഹൻലാൽ അറിയിച്ചു. താരസംഘടന എന്ന നിലയിൽ നിർമ്മാതാക്കളുമായി ചർച്ച നടത്താനും ധാരണയായിരുന്നു. എന്നാൽ നിർമാതാക്കൾ ഈ വിഷയത്തിൽ കടുത്ത നിലപാടെടുത്തതോടെ താരസംഘടന എന്ത് നിലപാറ്റ് സ്വീകരിക്കുമെന്ന് കണ്ടറിയേണ്ടി വരും. വിഷയം എഎംഎംഎ ഏറ്റെടുത്തു എന്ന് നടൻ ബാബുരാജ് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു സമവായ ചർച്ചയാവും താരസംഘടനയുടെ ലക്ഷ്യം.

നേരത്തെ ഉല്ലാസം സിനിമയ്ക്ക് ഷെയിന്‍ കരാര്‍ ലംഘിച്ച് പ്രതിഫലം ആവശ്യപ്പെട്ടു എന്ന് നിര്‍മാതാക്കള്‍ ആരോപിച്ചിരുന്നു. ആവശ്യമെങ്കില്‍ തെളിവുകള്‍ പുറത്ത്‌വിടുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. 45 ലക്ഷം നല്‍കിയാലെ ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമ ഡബ് ചെയ്യുകയുള്ളുവെന്ന ഷെയിനിന്റെ നിലപാടിനെതിരെയാണ് നിര്‍മാതാക്കള്‍ കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടത്. ഉല്ലാസം സിനിമയുടെ പ്രതിഫലം സംബന്ധിച്ച് ഷെയ്ന്‍ നിഗം കള്ളം പ്രചരിപ്പിക്കുകയാണെന്ന് നിര്‍മാതാക്കള്‍ ആരോപിച്ചു. ഇരുപത്തിയഞ്ച് ലക്ഷം രൂപയ്ക്കാണ് ഷെയിന്‍ ഉല്ലാസം സിനിമയ്ക്ക് കരാര്‍ നല്‍കിയത്. കരാര്‍ ലംഘിച്ച് പ്രതിഫലം ആവശ്യപ്പെട്ടതിന് കണക്കുകള്‍ പുറത്തുവിട്ടു. ആവശ്യമെങ്കില്‍ തെളിവായിട്ടുള്ള കരാര്‍ ഒപ്പിട്ട രേഖകള്‍ പുറത്തുവിടുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

45 ലക്ഷം രൂപ നിര്‍മാതാവ് വാഗ്ദാനം ചെയ്തുവെന്ന ഷെയ്‌നിന്റെ വാദം തെറ്റാണെന്നും ഇത് സംബന്ധിച്ച രേഖകള്‍ അസോസിയേഷനിലുണ്ടെന്നും നിര്‍മാതാക്കള്‍ കൂട്ടിചേര്‍ത്തു.

Story Highlights: Shane Nigam, Mohanlal, Producersനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More