ജെഎൻയുവിൽ അക്രമം നടത്തിയത് ഐഷി ഘോഷിന്റെ നേതൃത്വത്തിലെന്ന് ഡൽഹി പൊലീസ്

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ അക്രമം നടത്തിയത് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന്റെ നേതൃത്വത്തിലെന്ന് ഡൽഹി പൊലീസ്. ഐഷിക്കൊപ്പം എട്ട് പേർ കൂടി ഉണ്ടായിരുന്നതായി ഡൽഹി പൊലീസ് പറഞ്ഞു. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടവരുടേതെന്ന പേരിൽ പൊലീസ് ചിത്രങ്ങളും പുറത്തുവിട്ടു.
ഐഷി ഘോഷിന്റേയും മറ്റ് വിദ്യാർത്ഥി നേതാക്കളുടേയും ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ട കൂട്ടത്തിലുണ്ട്. രണ്ട് എബിവിപി പ്രവർത്തകരുടെ പേരുകൾ മാത്രമാണ് പൊലീസിന്റെ പ്രതിപ്പട്ടികയിലുള്ളതെന്നാണ് വിവരം. കമ്പ്യൂട്ടർ സെർവർ റൂം നശിപ്പിച്ചതിനാൽ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്നും അതിനാൽ മറ്റ് വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചും അന്വേഷണം നടത്തിയുമാണ് പ്രതികളെ കണ്ടെത്തിയതെന്നും ഡൽഹി ഡിസിപി ജോയ് ട്രിക്കി പറഞ്ഞു. ഇടത് വിദ്യാർഥി സംഘടനകളാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും ഡിസിപി പറയുന്നു.
read also: ജെഎൻയു: വൈസ് ചാൻസലറെ മാറ്റും വരെ സമരം തുടരുമെന്ന് ഐഷി ഘോഷ്
ഐഷി ഘോഷിനെ കൂടാതെ എം എ കൊറിയൻ വിദ്യാർത്ഥി വികാസ് പട്ടേൽ, സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് വിദ്യാർത്ഥി പങ്കജ് മിശ്ര, മുൻ വിദ്യാർത്ഥി ചുൻചുൻ കുമാർ, ഗവേഷക വിദ്യാർത്ഥി യോഗേന്ദ്ര ഭരദ്വാജ്, സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് വിദ്യാർഥി ഡോലൻ സാമന്ത, സുചേത തലൂദ്കർ, ലാംഗ്വേജ് ആൻഡ് കൾച്ചറൽ സ്റ്റഡീസിലെ പ്രിയ രഞ്ജൻ, വാസ്‌കർ വിജയ് എന്നിവരെയാണ് പൊലീസ് അക്രമസംഭവങ്ങളിൽ പ്രതി ചേർത്തത്. ഇവരിൽ യോഗേന്ദ്ര ഭരദ്വാജ്, വികാസ് പട്ടേൽ എന്നിവർ മാത്രമാണ് എബിവിപി ബന്ധമുള്ളവർ.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ജെഎൻയുവിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. ഫീസ് വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി യൂണിയൻ ആരോപിച്ചിരുന്നു. മുഖം മറച്ച് മാരകായുധങ്ങളുമായെത്തിയ അൻപതോളം പേരായിരുന്നു ആക്രമണം നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here