പലസ്തീൻ, ലെബനാൻ, ഇറാൻ അംബാസഡർമാർ പങ്കെടുക്കാനിരുന്ന സെമിനാറുകൾ റദ്ദാക്കി ജെഎൻയു
പലസ്തീൻ, ലെബനാൻ, ഇറാൻ അംബാസഡർമാരെ പങ്കെടുപ്പിച്ചുകൊണ്ട് ജെഎൻയു നടത്താനിരുന്ന സെമിനാറുകൾ റദ്ദാക്കി. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച സെമിനാറാണ് അവസാന നിമിഷം റദ്ദാക്കിയത്.
മൂന്ന് സെമിനാറുകളിലേക്കായിരുന്നു മൂന്ന് രാജ്യങ്ങളുടെ അംബാസിഡർമാരെ ജെഎൻയു ക്ഷണിച്ചത്.
‘പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെ ഇറാൻ എങ്ങനെ കാണുന്നു’ എന്ന സെമിനാർ വ്യാഴാഴ്ച രാവിലെ 11 മണിക്കായിരുന്നു നിശ്ചയിച്ചിരുന്നത്. ഇറാനിയൻ അംബാസഡർ ഡോ. ഇരാജ് ഇലാഹിയായിരുന്നു മുഖ്യ പ്രഭാഷണം. എന്നാൽ രാവിലെ 8 മണിയോടെ സെമിനാർ കോർഡിനേറ്റർ സിമ ബൈദ്യയാണ് പരിപാടി റദ്ദാക്കിയ വിവരം ഇമെയിലിലൂടെ വിദ്യാർത്ഥികളെ അറിയിച്ചത്. പലസ്തീൻ അംബാസഡർ പങ്കെടുക്കുമെന്ന് അറിയിച്ച നവംബർ 7ലെ സെമിനാറും ലബനാൻ അംബാസഡർ പങ്കെടുക്കുന്ന നവംബർ 14 ലെ സെമിനാറും റദ്ദാക്കി.
‘പലസ്തീനിൽ നടക്കുന്ന അക്രമം’ എന്നതായിരുന്നു പലസ്തീൻ അംബാസഡർ അദ്‌നാൻ അബു അൽ-ഹൈജ പങ്കെടുക്കുന്ന സെമിനാറിന്റെ വിഷയം. ‘ലെബനാനിലെ നിലവിലത്തെ സാഹചര്യം’ എന്നതായിരുന്നു ലെബനാൻ അംബാസഡർ ഡോ റാബി നർഷ് പങ്കെടുക്കാനിരുന്ന സെമിനാറിന്റെ വിഷയം.
അതേസമയം പരിപാടികൾ റദ്ദാക്കാനുള്ള തീരുമാനമെടുത്തത് സർവകലാശാലയാണെന്നും അതിന്റെ കാരണങ്ങൾ അറിയില്ലെന്നും ഇറാൻ, ലെബനാൻ എംബസി വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
Story Highlights : JNU cancels seminars by Palestine, Lebanon and Iran envoys
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here