നടിയെ ആക്രമിച്ച കേസ്; വിചാരണ നിർത്തിവയ്ക്കണമെന്ന് ദിലീപ് സുപ്രിംകോടതിയിൽ

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് സുപ്രിംകോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങളെക്കുറിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് വരുന്നതുവരെ കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. ദീലീപ് സമർപ്പിച്ച ഹർജി സുപ്രിംകോടതി അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.
കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനാൽ ദിലീപിന്റെ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകൻ മുകുൾ റോത്തഗി ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടു. പരിശോധന ഫലം വരുന്നതിന് മുമ്പ് വിചാരണ നടപടികൾ നടത്തുന്നത് നിയമപരമായ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണെന്നും സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നും മുകുൾ റോത്തഗി പറഞ്ഞു. തുടർന്നാണ് കേസ് ഉടൻ പരിഗണിക്കാൻ സുപ്രിംകോടതി തീരുമാനിച്ചത്.
കേസിൽ സാക്ഷി വിസ്താരം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയിലും ദിലീപ് ഹർജി നൽകിയിരുന്നു. കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്നാണ് സുപ്രിംകോടതി നിർദേശിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here