ഗവർണർ ജനങ്ങളെ വെല്ലുവിളിക്കുന്നു; ഉമ്മൻ ചാണ്ടി

ഭരണഘടനയുടെ സംരക്ഷകൻ എന്നവകാശപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. പദവി മറന്നുള്ള പ്രതികരണങ്ങൾ ഗവർണൾ തുടരുകയാണെങ്കിൽ ജനങ്ങളുടെ പ്രതിഷേധം അദ്ദേഹത്തെ നേരിട്ട് അറിയിക്കണം. ഇതിനായി വേണ്ടിവന്നാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുഴുവൻ രാഷ്ട്രീയ കക്ഷികളും ഗവർണറെ നേരിൽ കാണണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും ഗവർണറെ വിമർശിച്ചിരുന്നു. ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കാത്ത ജൽപ്പനങ്ങളാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റേതെന്ന് കോടിയേരി കുറ്റപ്പെടുത്തിയിരുന്നു.

എത്രയോ സന്ദർഭങ്ങളിൽ എത്രയോ വിഷയങ്ങളിൽ സംസ്ഥാന നിയമസഭ പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത പെരുമാറ്റമാണ് ഗവർണർ പദവിയിലിരുന്നു കൊണ്ട് ആരിഫ് മുഹമ്മദ്ഖാൻ കാഴ്ചവച്ചിരിക്കുന്നത്. ഇതൊന്നും കേരളത്തിൽ ചെലവാകില്ലെന്ന് അൽപമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആർഎസ്എസ്സുകാർ അദ്ദേഹത്തെ ഉപദേശിക്കണം. ഭരണഘടനയും നിയമസംഹിതകളും സുപ്രിംകോടതി വിധികളുമൊന്നും മനസിലാക്കാതെയുള്ള ഗവർണറുടെ ‘സംസ്ഥാന ബിജെപി അധ്യക്ഷൻ’ കളി സകല സീമകളും അതിലംഘിച്ചിരിക്കുകയാണെന്നും കോടിയേരി വാർത്താക്കുറിപ്പിൽ ആരോപിച്ചു.

ഭരണഘടന പദവിയിലുള്ളവർ അതിന്റെ അന്തസത്തക്ക് ഉള്ളിൽ നിന്ന് പ്രതികരിക്കണമെന്നാണ് സ്പീക്കർ പറഞ്ഞത്. ആ സ്വാതന്ത്ര്യത്തിന് ഉള്ളിൽ നിന്നുകൊണ്ട് പ്രതികരിക്കുന്നതാണ് ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് നല്ലത്. ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: Oommen Chandy, Governor Arif Khan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top