’21 വയസല്ലേ ആയുള്ളൂ; സമയം കൊടുക്കണം’: പന്തിനെ പിന്തുണച്ച് രവി ശാസ്ത്രി

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പിന്തുണച്ച് പരിശീലകൻ രവി ശാസ്ത്രി. പന്തിന് 21 വയസു മാത്രമേ ആയിട്ടുള്ളൂ എന്നും സമയം നൽകണമെന്നും ശാസ്ത്രി പറഞ്ഞു. നേരത്തെ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും ഇന്ത്യൻ നായകൻ വിരാട് കോലിയും പന്തിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

“21 വയസ്സിൽ എത്ര വിക്കറ്റ് കീപ്പർമാർ സെഞ്ചുറി നേടിയിട്ടുണ്ട്? കീപ്പ് ചെയ്യുമ്പോൾ ഒരുപാട് ക്യാച്ചുകളൊന്നും അദ്ദേഹം വിട്ടുകളഞ്ഞിട്ടില്ല. എന്നിട്ടും അദ്ദേഹം ക്രൂശിക്കപ്പെടുകയാണ്. കുറച്ചു കൂടി മത്സരങ്ങൾ കളിക്കുമ്പോൾ പന്തിനു പക്വതയുണ്ടാവും. ഇതൊന്നും ഒരു രാത്രി കൊണ്ട് സംഭവിക്കുന്നതല്ല. അദ്ദേഹം ഒരു മാച്ച് വിന്നറാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല. അദ്ദേഹം കഠിന പരിശ്രമം ചെയ്യുന്ന താരമാണ്”- ശാസ്ത്രി പറയുന്നു.

ഐസിസിയുടെ ചതുർദിന ടെസ്റ്റുകളെയും ഡേനൈറ്റ് ടെസ്റ്റുകളെയും ശാസ്ത്രി വിമർശിച്ചു. ചതുർദിന ടെസ്റ്റുകൾ വിഡ്ഢിത്തമാണെന്ന് ശാസ്ത്രി പറഞ്ഞു. ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി മുൻകയ്യെടുത്താണ് പിങ്ക് ടെസ്റ്റ് നടത്തിയതെങ്കിലും താൻ അതിനെ പ്രോത്സാഹിപ്പില്ലെന്ന് ശാസ്ത്രി വിശദീകരിച്ചു. അത് ഒരു പരീക്ഷണം മാത്രമാണെന്നും അവിടെ സ്പിന്നർമാർക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, മുൻ നായകൻ എംഎസ് ധോണി ഏകദിനങ്ങളിൽ നിന്ന് ഉടൻ വിരമിക്കുമെന്നും ശാസ്ത്രി വെളിപ്പെടുത്തിയിരുന്നു. ഏകദിനങ്ങളിൽ നിന്ന് വിരമിച്ച് ധോണി ടി-20കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തയ്യാറെടുക്കുകയാണെന്ന് ശാസ്ത്രി പറഞ്ഞു. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാൽ ടി-20 ലോകകപ്പിൽ ധോണി കളിച്ചേക്കുമെന്നും ശാസ്ത്രി പറഞ്ഞു.

Story Highlights: Ravi Shastri, Rishabh Pant

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top