കശ്മീരിലെ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഇന്ന് വിധി പറയും
കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റീസുമാരായ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ് എന്നിവരാണ് വിധി പറയുന്ന ബെഞ്ചില്‍ ജസ്റ്റിസ് എന്‍ വി രമണയ്ക്കു പുറമേ ഉണ്ടാകുക. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചത്, ഇന്റര്‍നെറ്റ് ബന്ധം റദ്ദാക്കിയത് ഉള്‍പ്പടെയുള്ളവയെ ചോദ്യം ചെയ്താണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്.
കശ്മീരില്‍ അഞ്ച് മാസത്തിലധികമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും മറ്റ് നിരോധനങ്ങളും ഭരണഘടനാപരമാണോ എന്ന രാജ്യം കാത്തിരുന്ന ചോദ്യത്തിനാണ് സുപ്രിംകോടതി ഇന്ന് മറുപടി നല്‍കുക.
കശ്മീരിലെ നിരോധനങ്ങളുടെയും നിയന്ത്രണങ്ങളുടെയും സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ നവംബര്‍ 27ന് കോടതി പരിഗണിച്ചിരുന്നു. എന്നാല്‍ തീരുമാനമെടുക്കാന്‍ അന്ന് കോടതി തയാറായില്ല. ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്. ഇവ ഇനിയും പൂര്‍ണമായി നീക്കം ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോഴും നിയന്ത്രണ വിധേയമായാണ്.
കശ്മീര്‍ ടൈംസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍, കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ഗുലാം നബി ആസാദ് തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍. നിരോധനങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഭരണഘടനാസാധുത ചോദ്യം ചെയ്ത് ആണ് ഹര്‍ജി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 ഉറപ്പുനല്‍കുന്ന പൗരസ്വാതന്ത്ര്യത്തിന് എതിരാണ് ഈ നിയന്ത്രണങ്ങളെന്നാണ് ഹരജിക്കാരുടെ വാദം.
പുട്ടസ്വാമി കേസില്‍ സുപ്രിംകോടതി നല്‍കിയിട്ടുള്ള പൗരന്റെ സ്വകാര്യത സംബന്ധിച്ചുള്ള നിര്‍ദേശങ്ങളും ലംഘിക്കപ്പെട്ടതായ് ഹര്‍ജിക്കാര്‍ സുപ്രിംകോടതിയില്‍ വാദിച്ചു. ഇത്തരത്തില്‍ ദീര്‍ഘകാലത്തേക്ക് നിയന്ത്രണങ്ങള്‍ നടപ്പാക്കണമെങ്കില്‍ ആര്‍ട്ടിക്കിള്‍ 352 പ്രകാരമുള്ള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കണം. ഇത്തരമൊന്ന് കശ്മീരില്‍ പ്രഖ്യാപിച്ചിട്ടില്ല. സിആര്‍പിസി യുടെ ചട്ടം 144 ന്റെ ദുരുപയോഗമാണ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി നടക്കുന്നതെന്നും ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ദേശീയ സുരക്ഷയ്ക്ക് ഈ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നായിരുന്നു സര്‍ക്കാര്‍ മറുപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here