ഹിസ്ബുൾ തീവ്രവാദിയോടൊപ്പം ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

ഹിസ്ബുൾ തീവ്രവാദിയോടൊപ്പം ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. ധീരതയ്ക്ക് രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് മെഡൽ വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനാണ് പിടിയിലായിരിക്കുന്നത്.
ശ്രീനഗർ-ജമ്മു ഹൈവേയിൽ ഡൽഹിയിലേക്കുള്ള യാത്രാമധ്യേയാണ് സംഘത്തെ പിടികൂടുന്നത്. ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദി നവീദ് ബാബുവിനൊപ്പമാണ് ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡെപ്യൂട്ടി സൂപ്രണ്ട് ദവീന്ദർ സിംഗ് പിടിയിലാകുന്നത്.
കഴിഞ്ഞ ഒക്ടോബർ-നവംബർ മാസങ്ങളിലായി ട്രക്ക് ഡ്രൈവർ ഉൾപ്പെടെ പതിനൊന്ന് പേരെ കൊന്ന കുറ്റത്തിന് പൊലീസ് തേടുന്ന വ്യക്തിയാണ് നവീദ്. നവീദ് ബാബുവിനെ പിടികൂടാൻ അയാളുടെ ലൊക്കേഷൻ പിന്തുടരുകയായിരുന്നു പൊലീസ്. ഇതിനിടെയാണ് മുൻ എസ്പിഒ ആയിരുന്ന ഹിസ്ബുൾ തീവ്രവാദിക്കൊപ്പം ദവീന്ദറിനെ പൊലീസ് കണ്ടെത്തുന്നത്.
Read Also : കെനിയയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ തീവ്രവാദി ആക്രമണം
കഴിഞ്ഞ വർഷം ഓഗസ്റ്റ് 15ന് രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് ഗാലന്റ്രി മെഡൽ സ്വന്തമാക്കിയ വ്യക്തിയാണ് ദവീന്ദർ. ശ്രീനഗറിലെ ബദാമി ഭാഗിലുള്ള ദവീന്ദറിന്റെ വീട്ടിൽ നിന്ന് പൊലീസ് എകെ 47 റൈഫിളും രണ്ട് പിസ്റ്റളുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ എന്തിനാണ് തീവ്രവാദികൾ ഡൽഹിയിലേക്ക് യാത്ര ചെയ്തത് എന്നതിനെ കുറിച്ച് അന്വേഷിക്കുകയാണ് നിലവിൽ അന്വേഷണ സംഘം.
Story Highlights- Jammu Kashmir, Hizbul Mujahideen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here