കേന്ദ്ര സര്‍ക്കാരിനെ പരസ്യമായി പരിഹസിച്ച് പി ചിദംബരം

കേന്ദ്ര സര്‍ക്കാരിനെ പരസ്യമായി പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതികളെ വിശ്വസിക്കുന്ന ഇന്ത്യന്‍ ജനത നിഷ്‌കളങ്കരാണെന്ന് പി ചിദംബരം പറഞ്ഞു. രണ്ട് പ്രമുഖ പത്രങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് ചിദംബരത്തിന്റെ പരിഹാസം. ഈ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത എന്തായാലും അത് ജനങ്ങള്‍ കണ്ണുംപൂട്ടി വിശ്വസിക്കുമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചതുപോലുള്ള അവകാശവാദങ്ങളും ഇന്ത്യയിലെ 99 ശതമാനം കുടുംബങ്ങളിലും ടോയ്ലറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നുമുള്ള സര്‍ക്കാര്‍ പദ്ധതികളുടെ പ്രഖ്യാപനവും വിശ്വസിച്ചതാണ് ഇന്ത്യക്കാരുടെ നിഷ്‌കളങ്കതയുടെ തെളിവുകള്‍ എന്ന് ചിദംബരം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കാര്യവും ഇതുപോലെയാണെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ ഡ്രൈവറുടെ അച്ഛന്റെ സര്‍ജറിക്ക് ഈ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.’ആയുഷ്മാന്‍ കാര്‍ഡ് ഉണ്ടോ എന്ന് ഞാന്‍ എന്റെ ഡ്രൈവറോട് ചോദിച്ചു, അദ്ദേഹം ഒരു കാര്‍ഡ് കാണിച്ചു. അതെടുക്കാനും ആശുപത്രിയില്‍ കാര്‍ഡ് കാണിച്ചാല്‍ മതിയെന്നും ഞാന്‍ ഡ്രൈവറോട് പറഞ്ഞു. എന്നാല്‍ ആയുഷ്മാന്‍ കാര്‍ഡ് കാണിച്ചപ്പോള്‍ ഇങ്ങനെ ഒരു പദ്ധതിയെ കുറിച്ച് അറിയില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. എന്നാല്‍ ആയുഷ്മാന്‍ കാര്‍ഡ് പദ്ധതി ഇന്ത്യയില്‍ എല്ലായിടത്തും നടപ്പിലായെന്നാണ് ഇന്ത്യക്കാര്‍ എല്ലാവരും വിശ്വസിക്കുന്നതെന്നും’പി ചിദംബരം പറഞ്ഞു.

Story Highlights-P Chidambaram, central government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top