തിരുവനന്തപുരത്ത് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം കാഞ്ഞിരംകുളം പുല്ലുവിളയ്ക്ക് സമീപം ചാവടിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പുല്ലുവിള സ്വദേശിയായ നിജുവാണു ഭാര്യ ഷൈനിയെ കൊലപ്പെടുത്തിയത്. നിജുവിനെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
നിജുവും ഭാര്യ ഷൈനിയും ഒരുമിച്ച് ബന്ധുവിന്റെ കല്യാണ സത്കാരത്തിൽ പങ്കെടുത്ത് തിരികെ എത്തിയ ശേഷമാണ് നിജു ഭാര്യയെ മർദിക്കുകയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തത്. കൃത്യത്തിന് ശേഷം ഇയാൾ തന്നെ ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോൾ കാര്യങ്ങൾ വിവരിച്ചു കൊടുത്തതും നിജുവാണ്.
ഷൈനിയുടെ കാലുകൾ തുണി കൊണ്ട് കൂട്ടികെട്ടി വായിൽ തുണി തിരുകി വച്ചതിനു ശേഷമാണ് കൊലപ്പെടുത്തിയത്. ഷൈനിയുടെ മുഖത്ത് ക്രൂരമായി മർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. നിജു വർഷങ്ങളായി ലഹരിമരുന്നിനു അടിമയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. നിജുവിന് സംശയരോഗമുണ്ടായിരുന്നുവെന്നും ഇതിനെ തുടർന്ന് സ്ഥിരമായി വഴക്കുണ്ടായിരുന്നുവെന്നും അയൽവാസികളും പറയുന്നു. നിജുവിനെ കാഞ്ഞിരംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഷൈനിയുടെ മൃതദേഹം തുടർനടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here