തകർന്നു വീഴുന്നത് സ്വപ്‌നങ്ങൾ; ഇറാനിലും ഇങ്ങ് കൊച്ചിയിലും

പി പി ജെയിംസ്

തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങളാണ് കൺ മുന്നിലും മനസിലും. അന്താരാഷ്ട്ര തലത്തിൽ അമേരിക്ക ഡ്രോൺ അയച്ച് ഇറാൻ ജനറൽ സുലൈമാനി യാത്ര ചെയ്തിരുന്ന വാഹനവ്യൂഹം തകർക്കുന്നതിന്റെ ഭീകര കാഴ്ചകൾ. ഇറാൻ പട്ടാളത്തിന്റെ മിസൈലേറ്റ് തകർന്നു വീഴുന്ന യുക്രൈൻ വിമാനത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ. ഇങ്ങ് കൊച്ചിയിൽ ഒന്നിനു പിറകെ ഒന്നായി ഫ്‌ളാറ്റ് സമുച്ചയങ്ങൾ സ്‌ഫോടനത്തിൽ തകർന്നടിയുന്നതിന്റെ കാഴ്ചകൾ വേറെ. കാരണങ്ങൾ പലതാണെങ്കിലും ന്യായീകരണങ്ങൾ പറയാനുണ്ടെങ്കിലും ഹൃദയഭേദകമായിരുന്നു ദൃശ്യങ്ങൾ.

അമേരിക്കയും ഇറാനും തമ്മിൽ യുദ്ധ സമാനമായ സാഹചര്യമാണ് സുലൈമാനി വധത്തിലൂടെ സംഭവിച്ചത്. ഇറാൻ തിരിച്ചടിക്കാനും തുടങ്ങി. യുദ്ധം ഒഴിവായതിന്റെ ആശ്വാസത്തിലിരിക്കെയാണ് യുക്രൈൻ യാത്രാ വിമാനം ഇറാൻ വെടിവച്ചിട്ടതാണെന്ന സത്യം പുറത്തുവന്നത്.

കാനഡയിൽ താമസമാക്കിയ ഇറാൻ വനിത പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇറാൻ വെടിവച്ചിട്ട യുക്രൈൻ വിമാനത്തിലെ യാത്രക്കാരിയായിരുന്നു അവരുടെ മകൾ. കാനഡയിൽ വലിയ സ്വപ്‌നങ്ങളുമായെത്തിയ ഇറാൻ കുടുംബത്തിന്റെ കണ്ണീരിന്റെ കാരണമായത് ഇറാൻ പട്ടാളം തന്നെ. തകർന്ന വിമാനത്തിൽ ഉണ്ടായിരുന്ന നല്ലൊരു ശതമാനവും കാനഡയിൽ വിദ്യാർത്ഥികളും അധ്യാപകരുമായ ഇറാൻകാരാണ്.

ആര് ആരോട് മാപ്പ് പറയും? ആക്രമണവും സംഘർഷങ്ങളും മനുഷ്യരുടെ സ്വപ്നങ്ങൾക്കുമേൽ വീഴ്ത്തുന്ന ഇടിത്തീ ആരുകാണും? രാജ്യങ്ങൾ തമ്മിൽ പരസ്പരം വെല്ലുവിളിക്കുമ്പോൾ, ഇത്തരം ദുരന്തങ്ങൾ ആരുടെയും ശ്രദ്ധയിൽപ്പെട്ടെന്നുവരില്ല. ഇങ്ങ് കൊച്ചുകേരളത്തിലെ മരടിൽ ഫ്ളാറ്റുകൾ സ്ഫോടനത്തിൽ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾക്ക് അന്താരാഷ്ട്ര സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല. നിയമം ലംഘിച്ച് പടുത്തുയർത്തിയ ഗോപുരങ്ങൾ സുപ്രിംകോടതി വിധിപ്രകാരം വീഴ്ത്തിയെന്ന് സമാധാനിക്കാം. മറുവഴികളില്ലായിരുന്നു. ഫ്ളാറ്റുകൾ സ്ഫോടനത്തിൽ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ കാണാത്തതുകൊണ്ടാവാം തടിച്ചുകൂടിയ കാഴ്ചക്കാർ ആർത്ത് വിളിക്കുകയായിരുന്നു. ഇതുവരെ കാണാത്ത കാഴ്ചയകൾ കാണുന്നതിന്റെ കൗതുകമാവാം. മാധ്യമങ്ങളും ഏതാണ്ട് അതേ വികാരത്തിലായിരുന്നു, എന്നാൽ ദൃശ്യങ്ങൾ ഹൃദയഭേദകമാണെന്ന് ചാനലുകൾ പറഞ്ഞുകൊണ്ടിരുന്നു. ഈ കൂട്ടത്തിനിടയിൽ നിന്ന് സ്വന്തം ഫ്ളാറ്റുകൾ തകരുന്നത് കണ്ട് പലരും കണ്ണീരണിഞ്ഞിട്ടുണ്ടാകാം. ഓരോ ഫ്ളാറ്റും തകർന്ന് വീഴുമ്പോൾ ഒരുപാട് കുടുംബങ്ങളുടെ സ്വപ്നങ്ങൾ കൂടിയാണ് പൊടിഞ്ഞുവീണതെന്ന് അധികമാരും ഓർക്കാതെപോയെന്ന് തോന്നി.

നിയമലംഘകരും അതിന് കൂട്ടുനിന്നവരും ഉത്തരം പറയേണ്ട ചോദ്യമാണ്. ഇതൊന്നുമറിയാതെ അവിടെ കൂട്ടംകൂടിയും സൗഹൃദം പങ്കിട്ടുംജീവിച്ച കുഞ്ഞുങ്ങൾ എന്ത് പിഴച്ചു? ഫ്ളാറ്റുകൾ തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ ഇനി നിയമം ലംഘിക്കാനൊരുങ്ങുന്നവർക്ക് പാഠമാകട്ടെ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top