ഇറാനിലെ ജനങ്ങൾക്കൊപ്പമാണ് താനെന്ന് ട്രംപ്

ഇറാനിലെ ജനങ്ങൾക്കൊപ്പമാണ് താനെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ പ്രക്ഷോഭങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യാനാകില്ലെന്നും ഇന്റർനെറ്റ് നിരോധിക്കാനാകില്ലെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി.
യുക്രെയ്ൻ വിമാനം തകർന്നുവീണത് ഇറാന്റെ മിസൈലേറ്റാണെന്ന് ഇറാൻ ഇന്നലെ സമ്മതിച്ചിരുന്നു. ഇതേത്തുടർന്ന് രാജ്യത്തൊട്ടാകെ പ്രതിഷേധം വ്യാപിക്കുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്. തന്റെ ഭരണകാലത്തിന്റെ തുടക്കം മുതൽ ഇറാനിലെ ധൈര്യശാലികളായ പീഡനമനുഭവിക്കുന്ന ജനതയ്‌ക്കൊപ്പമായിരുന്നു താനെന്നും, ഇനിയും തന്റെ ഭരണകൂടം അവർക്കൊപ്പം നിൽക്കുമെന്നും ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു. പ്രതിഷേധക്കാരുടെ ധൈര്യം തങ്ങൾക്ക് പ്രചോദനമായെന്നും ഇറാനിലെ പ്രതിഷേധങ്ങൾ അമേരിക്ക നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ അവിടെനിന്ന് റിപ്പോർട്ടുകൾ തയ്യാറാക്കാനും നിരീക്ഷണം നടത്താനും മനുഷ്യാവകാശ പ്രവർത്തകരെ അനുവദിക്കണമെന്നും ഇറാൻ ഭരണകൂടത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യാനാകില്ലെന്നും ഇന്റർനെറ്റ് നിരോധിക്കാനാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ലോകം എല്ലാം കാണുന്നുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തത്.
നേരത്തെ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ നൂറുകണക്കിന് വിദ്യാർത്ഥികൾ ടെഹ്‌റാനിലെ അമീർ കബീർ സർവകലാശാലയിൽ ഒത്തുകൂടിയിരുന്നു. ഇത് പിന്നീട് പ്രതിഷേധമായി മാറി. തുടർന്ന് പൊലീസ് വിദ്യാർത്ഥികളെ പിരിച്ചുവിട്ടിരുന്നു. അതേസമയം, പ്രതിഷേധത്തിന് പിന്തുണ നൽകി എന്ന് ആരോപിച്ച് ഇറാനിലെ ബ്രിട്ടീഷ് സ്ഥാനപതി റോബർട്ട് മക്കെയ്‌റിനെ ഇറാൻ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് മൂന്ന് മണിക്കൂറിന് ശേഷമാണ് മക്കെയ്‌റിനെ പൊലീസ് വിട്ടയച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here