പൊലീസ് ഉദ്യോഗസ്ഥരുടെ സ്റ്റേഷൻ ഹൗസ് കോൺഫറൻസ് എല്ലാമാസവും നടത്തണമെന്ന് ഡിജിപി

ക്രൈം കോൺഫറൻസിന് പുറമേ ജില്ലാ തലത്തിൽ എല്ലാ മാസവും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ കോൺഫറൻസ് കൂടി നടത്തണമെന്ന് ഡിജിപിഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശം. ജനുവരി നാലിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തൃശൂരിൽ ചേർന്ന യോഗത്തിന്റെ തുടർ നടപടിയെന്നോണമാണ് തീരുമാനം.
പൊലീസുകാരുടെ പെരുമാറ്റത്തെക്കുറിച്ച് നിരന്തരം പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് സേനയിലെ പരിഷ്‌കാരവുമായി ബന്ധപ്പെട്ടുള്ള പുതിയ തീരുമാനം. ഇപ്പോൾ എല്ലാ മാസവും നടത്തുന്ന ക്രൈം കോൺഫറൻസിന് പുറമേ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ കോൺഫറൻസ് കൂടി നടത്തണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശം. മുൻ നിശ്ചയിച്ച തീയതിയിൽ നടത്തുന്ന എസ്എച്ച്ഒമാരുടെ യോഗത്തിന്റെ വിവരങ്ങൾ ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറണം.
ജനമൈത്രിയുമായി ബന്ധപ്പെട്ട ജോലികൾ, ഇൻ ഹൗസ് പരിശീലന പരിപാടികൾ, നിർമാണ പ്രവർത്തനങ്ങൾ, ആധുനീകരണ ജോലികൾ, ഹരിതചട്ടം പാലിക്കൽ, പൊതുജനങ്ങളുടെ സംതൃപ്തി എന്നിവയും ക്രൈംആന്റ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ് വർക്ക് സിസ്റ്റത്തിന്റെ പ്രവർത്തനവും യോഗം വിലയിരുത്തും.
എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആകും സംസ്ഥാന പൊലീസ് മേധാവി എസ്എച്ച്ഒമാരുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുക. ജില്ലാ പൊലീസ് മേധാവിമാരും സബ്ബ് ഡിവിഷണൽ പൊലീസ് ഓഫീസർമാരും വീഡിയോ കോൺഫറൻസിൽ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here