ജെഎന്‍യു സംഘര്‍ഷം: ഐഷി ഘോഷ് അടക്കം മൂന്ന് പേരെ ചോദ്യം ചെയ്തു

ജെഎന്‍യു അക്രമ സംഭവങ്ങളില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷടക്കം മൂന്ന് പേരെ അന്വേഷണസംഘം ചോദ്യം ചെയ്തു. തന്റെ പരാതിയിന്മേല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത നടപടിക്കെതിരെ അന്വേഷണ സംഘത്തിന് മുമ്പാകെ ഐഷി ഘോഷ് അത്യപ്തി അറിയിച്ചു. അതേസമയം ക്യാമ്പസില്‍ അക്രമമുണ്ടായ ദിവസത്തെ സിസിടിവി ദൃശ്യങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ പൊലീസിനും വാട്ട്‌സാപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു.
വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെയും രണ്ട് എബിവിപി പ്രവര്‍ത്തകരെയുമാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ക്യാമ്പസിലെത്തി ചോദ്യം ചെയ്തത്. അക്രമത്തിന്റെ ദൃശ്യങ്ങളും ഇവരെ അന്വേഷണ സംഘം കാണിച്ചു. അന്വേഷണത്തില്‍ നിഷ്പക്ഷത പോലീസ് പുലര്‍ത്തുമെന്നാണ് പ്രതീക്ഷയെന്ന് ഐഷി പ്രതികരിച്ചു.
മുഖം മൂടി അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സര്‍വകലാശാല അധികൃതര്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസമാണ് മൂന്ന് അധ്യാപകര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയിന്മേല്‍ ഇന്ന് ഡല്‍ഹി പൊലീസിനും വാട്ട്‌സാപ്പ്, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയവയ്ക്കും കോടതി നോട്ടീസ് അയച്ചത്.
സിസിടിവി ദൃശ്യങ്ങള്‍ സര്‍വകലാശാല അധികൃതരോടും നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അക്രമം ആസൂത്രണം ചെയ്ത വാട്‌സാപ്പ് ഗ്രൂപ്പുകളായ ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ്, യുണെറ്റഡ് എഗെയിന്സ്റ്റ് ലെഫ്റ്റ് എന്നിവയുടെ വിവരങ്ങള്‍ വാട്ട്‌സാപ്പിനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ക്യാമ്പസില്‍ സന്ദര്‍ശനം നടത്തി. അക്രമികള്‍ തകര്‍ത്ത സബര്‍മതി ഹോസ്റ്റലില്‍ സംഘം സന്ദര്‍ശിച്ചു. ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്‌ക്കെതിരായ സമരത്തെ തുടര്‍ന്ന് 70 ദിവസത്തിലധികമായി ക്ലാസുകള്‍ മുടങ്ങിയിരുന്ന ജെഎന്‍യുവില്‍ ഇന്ന് അധ്യയനം പുനരാരംഭിച്ചെങ്കിലും ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ചു. ശീതകാല സെമസ്റ്റര്‍ രജിസ്‌ട്രേഷനുള്ള തീയതി നീട്ടാന്‍ എംഎച്ച്ആര്‍ഡിയെ സമീപിക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here