ഫാസ്ടാഗ് നാളെ മുതൽ നടപ്പാക്കും

രാജ്യത്തെ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് നാളെമുതൽ നടപ്പാക്കും. നാളെ മുതൽ ടോൾ പിരിവിന് ഫാസ്ടാഗ് സംവിധാനം നിർബന്ധമാക്കാനാണ് തീരുമാനം.
തിരക്കിട്ട് ഫാസ്ടാഗ് നടപ്പാക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനിൽക്കെ യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പു മാത്രമാണ് ഇക്കാര്യത്തിൽ ദേശീയപാതാ അതോറിറ്റി നൽകുന്നത്. ഏത് ടോൾ പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ്.
വാഹനങ്ങളിൽ ഒട്ടിക്കുന്ന ഒരു റേഡിയോ ഫ്രീക്വന്‌സി ഐഡന്റിഫിക്കേഷൻ സ്റ്റിക്കറാണിത്. വിൻഡ് സ്‌ക്രീനിൽ ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോൾ പ്ലാസയിലൂടെ കടന്നു പോകുമ്പോൾ തനിയെ ടോൾ ശേഖരിക്കപ്പെടുന്നു. വാഹനം നിർത്തി ടോൾ കൊടുക്കേണ്ട ആവശ്യമില്ല. ടോൾ പ്ലാസയിലെ സംവിധാനം ഇലക്ട്രോമാഗ്‌നെറ്റിക് ഫ്രീക്വൻസി ഉപയോഗിച്ച് വണ്ടിയുടെ വിവരവും, പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്ന് പൈസയും എടുക്കുന്നു.
എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, പിഎൻബി, എസ്ബിഐ, കൊട്ടക് തുടങ്ങി എല്ലാ പ്രമുഖ ബാങ്കുകൾ വഴിയും നിങ്ങളുടെ വ്യക്തിവിവരങ്ങൾ നൽകി ഫാസ്ടാഗ് വാങ്ങാൻ കഴിയുന്നതാണ്( ഓൺലൈൻ അപ്ലിക്കേഷനായി ബാങ്കുകളുടെ വെബ്‌സെറ്റ് സന്ദർശിക്കുക).
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള ഫാസ്ടാഗ് ഏറ്റവും കൂടുതൽ വിതരണം ചെയ്തത് പേടിഎം പേയ്‌മെന്റ് ബാങ്ക് വഴിയാണ്. 30 ലക്ഷം ഫാസ്ടാഗുകളാണ് ഇതുവരെ പേടിഎം പേയ്‌മെന്റ് വിതരണം ചെയ്തിട്ടുള്ളത്.
Story Highlights- Fastag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here