തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക വിവാദത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി. മുസ്ലിം ലീഗ് നേതാക്കളുടെ ഹർജിയിൽ രണ്ടാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം. 2015ലെ വോട്ടർ പട്ടികയെ ആധാരമാക്കിയാകും തെരഞ്ഞെടുപ്പെന്ന കമ്മീഷൻ നിലപാട് അന്തിമമാണെന്ന് സർക്കാർ വ്യക്തമാക്കി.
2019 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി വേണം തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത് 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയാകും മാനദണ്ഡമെന്ന നിലപാടിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും. നിയമ പോരാട്ടത്തിലേക്ക് കടക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതിനിടെ മുസ്ലിം ലീഗ് നാദാപുരം മണ്ഡലം സൂപ്പി നരിക്കാട്ടേരിയും ഫറൂഖ് നഗരസഭാ കൗൺസിലർ പി ആഷിഫും ഹൈക്കോടതിയെ സമീപിച്ചു. രണ്ടാഴ്ചക്കകം വിശദീകരണം നൽകാൻ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു. 2015ലെ വോട്ടർ പട്ടികയാകും മാനദണ്ഡമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിനോട് സർക്കാരും യോജിച്ചു.
ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടർ പട്ടിക വാർഡ് അടിസ്ഥാനത്തിലല്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റേത്. ഇനി വീടുവീടാന്തരം കയറി പട്ടിക തയാറാക്കാൻ സമയമില്ലെന്നും ഇതിന് 10 കോടി രൂപ ചെലവ് വരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ഫെബ്രുവരി 28 ന് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here