ടിവിആർ ഷേണായി നാഷണൽ മീഡിയ അവാർഡ് ആർ.ശ്രീകണ്ഠൻ നായർക്ക് ഇന്ന് സമ്മാനിക്കും

കൊല്ലം പത്തനാപുരം ഗാന്ധിഭവനിൽ മാതൃ സ്മരണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവും അവാർഡ് ദാനവും ഇന്ന്. വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡുകൾ വിതരണം ചെയ്യും. ഫ്‌ളവേഴ്‌സ് മാനേജിംഗ് ഡയറക്ടർ ആർ.ശ്രീകണ്ഠൻ നായർ ഉൾപ്പടെ അഞ്ച് പേർക്കാണ് വ്യത്യസ്ത വിഭാഗങ്ങളിൽ അവാർഡ് നൽകുക.
ടിവിആർ ഷേണായി നാഷണൽ മീഡിയ അവാർഡാണ് ഫ്‌ളവേഴ്‌സ് മാനേജിംഗ് ഡയറക്ടർ ആർ.ശ്രീകണ്ഠൻ നായർക്ക് ലഭിക്കുക. ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ സത്യമേവ ജയതേ അവാർഡ് ജസ്റ്റിസ് ബി. കമാൽ പാഷക്ക് നൽകി ആദരിക്കും. കെ.ആർ നാരയണൻ നാഷണൽ അവാർഡ് ഡോ. സി വി ആനന്ദബോസിനും ഡോ. എപിജെ അബ്ദുൽ കലാം നാഷണൽ അവാർഡ് സന്തോഷ് ജോർജ് കുളങ്ങരക്കും ലഭിക്കും. സത്യൻ നാഷണൽ ഫിലിം അവാർഡിന് സോഹൻ റോയിയാണ് അർഹനായിരിക്കുന്നത്. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം . ടി.കെ.എ നായർ, മാടവന ബാലകൃഷ്ണ പിള്ള, ഷാഹിദാ കമാൽ എന്നിവർ ചേർന്നുള്ള ജൂറിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. അവരവരുടെ മേഖലകളിലെ ഏറ്റവും മികച്ച വരെയാണ് അവാർഡിന് പരിഗണിച്ചതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ മാതാ പിതാ ഗുരു ദൈവം എന്ന സന്ദേശമുയർത്തി ഗാന്ധിഭവന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തുന്ന പ്രചാരണ പരിപാടി മനുഷ്യനന്മയ്ക്കായി മാതൃസ്മരണ എന്ന പദ്ധതിയുടെ ഉദ്ഘാടനവും നടത്തും.
Story Highlights- Sreekantan Nair, Award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here