ബംഗളൂരുവിൽ യേശുക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഹിന്ദുസംഘനകളുടെ പ്രതിഷേധം

ബംഗളൂരുവിലെ കനകപുരയിൽ യേശുക്രിസ്തുവിന്റെ 114 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. ഹിന്ദു സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിമ നിർമിക്കുന്നതിനെതിരെ ഹിന്ദു ജാഗരണ വേദികെ എന്ന സംഘടന പദയാത്ര സംഘടിപ്പിച്ചു. ആർഎസ്എസ്, വിഎച്ച്പി നേതാക്കൾ ഉൾപ്പടെ പദയാത്രയിൽ പങ്കെടുത്തു
കനകപുര അയ്യപ്പക്ഷേത്രത്തിൽ നിന്ന് തഹസിൽദാർ ഓഫീസ് വരെയായിരുന്നു പദയാത്ര. സർക്കാർ അധീനതയിലുള്ള ഭൂമിയിൽ അനധികൃതമായാണ് പ്രതിമ നിർമിക്കുന്നതെന്നും മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി. കെ ശിവകുമാർ വർഗീയ ചേരി തിരിവിന് ശ്രമിക്കുകയാണെന്നും പ്രക്ഷോഭത്തിൽ പങ്കെടുത്ത മുൻമന്ത്രിയും ബിജെപി നേതാവുമായ സി.പി യോഗേശ്വർ ആരോപിച്ചു.
ശിവകുമാർ പ്രതിമ നിർമാണവുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഹിന്ദു സമൂഹത്തിന്റെ ശക്തി എന്താണെന്ന് തിരിച്ചറിയുമെന്ന് ആർഎസ്എസ് നേതാവ് കല്ലട പ്രഭാകർ ഭട്ട് പറഞ്ഞു. തങ്ങളുടെ പ്രതിഷേധം യേശു ക്രിസ്തുവിനെതിരെയല്ലെന്നും അദ്ദേഹത്തിന്റെ പേരിലുള്ള മത പരിവർത്തനത്തിനെതിരെ ആണെന്നും കല്ലട പ്രഭാകർ ഭട്ട് വ്യക്തമാക്കി. നൂറുകണക്കിന് പേർ പദയാത്രയിൽ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here