പൊലീസ് ക്രൈം ശൃഖലയിൽ ഇടപെടാൻ ഊരാളുങ്കലിന് അനുമതിയില്ലെന്ന് ഡിജിപി ഹൈക്കോടതിയിൽ

പൊലീസ് ക്രൈം ശൃഖലയിൽ ഇടപെടാൻ ഊരാളുങ്കലിന് അനുമതിയില്ലെന്ന് ഡിജിപി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പാസ്‌പോർട്ട് ആപ്ലിക്കേഷൻ തയാറാക്കാനുള്ള അനുമതി മാത്രമാണ് ഊരാളുങ്കലിന് നൽകിയിട്ടുള്ളതെന്നും, പൊലീസ് ക്രൈം ശൃംഖല പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മാത്രമാണ് അനുമതിയുള്ളതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
കേരളാ പൊലീസിന്റെ രഹസ്യ ഫയലുകൾ അടങ്ങിയ ഡേറ്റാ ബാങ്ക് ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സുരക്ഷ വീഴ്ചയ്ക്ക് കാരണമാകുന്ന ഈ നടപടിക്ക് ഉത്തരവിട്ടത് ഡിജിപി യാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
അതേസമയം, ക്രൈം ഡേറ്റയും വ്യക്തി വിവരങ്ങളും ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കൈമാറാനുള്ള സർക്കാർ തീരുമാനത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ വിഷയത്തിലാണ് ഡിജിപി ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. പൊലീസ് ക്രൈം ശൃഖല പരിശോധിക്കാൻ ഊരാളുങ്കലിന് അനുമതി നൽകിയിട്ടില്ലെന്നും പാസ്‌പോർട്ട് സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ തയാറാക്കിയ ശേഷം പരിശോധിക്കുന്നതിന് ആവശ്യമായ സാഹചര്യം സൃഷ്ടിച്ച് നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. കൂടാതെ പൊലീസ് ക്രൈം ശൃംഖല പരിശോധിക്കാൻ പുറത്ത് നിന്ന് ആർക്കും അധികാരമില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മാത്രമേ വിവരങ്ങൾ പരിശോധിക്കാൻ അനുവാദമുള്ളെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here