Advertisement

ആകാശവാണി മുൻ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ എസ്.സര്വസതിയമ്മ അന്തരിച്ചു

January 15, 2020
Google News 1 minute Read

ആകാശവാണി മുൻ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറും മഹിളാലയം പരിപാടിയുടെ അവതാരകയുമായിരുന്ന എസ്.സര്വസതിയമ്മ അന്തരിച്ചു. 1965 മുതൽ കാൽനൂറ്റാണ്ടുകാലം സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പരിപാടികളിലൂടെ ശ്രോതാക്കളുടെ മനസിൽ ഇടം നേടിയ വ്യക്തിയാണ് സരസ്വതിയമ്മ.

ജീവചരിത്രകാരനായ കോട്ടുകോയ്ക്കൽ വേലായുധന്റേയും ശരദാമ്മയുടേയും മകളായി ജനിച്ച സര്വസതിയമ്മ 1965 ലാണ് ആകാശവാണിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ആകാശവാണിയിലെ ഒരു കൂട്ടം പ്രതിഭകൾക്കൊപ്പം വനിതാ വിഭാഗം പരിപാടിയുടെ നിർമാതാവായി. റേഡിയോ മാത്രമുണ്ടായിരുന്ന കാലത്ത് ജനങ്ങളെ റേഡിയോയുമായി ചേർത്തു നിർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു സരസ്വതിയമ്മ. സാഹിത്യകൃതികളും നാടകങ്ങളും സ്ത്രീകളുടെ വിജയകഥകളുമെല്ലാം ചേർത്തുള്ള മഹിളാലയം പരിപാടി ശ്രോതാക്കളുടെ ഇഷ്ടപരിപാടിയായി മാറി.

ലളിതാംബിക അന്തർജ്ജനം അഗ്‌നിസാക്ഷിയെന്ന നോവൽ എഴുതാൻ കാരണവും സരസ്വതിയമ്മയായിരുന്നു. മഹിളാലയം പരിപാടിയിലേക്ക് സരസ്വതിയമ്മയുടെ നിർദേശപ്രകാരം നൽകിയ കഥയാണ് പിന്നീട് അഗ്‌നിസാക്ഷിയായി മാറിയത്. സാഹിത്യ, സാംസ്‌കാരിക മേഖലകളിലുള്ള നിരവധി പ്രമുഖരെ ഈ രംഗത്തേക്ക് കൈപിടിച്ചു നടത്തിയതും സരസ്വതിയമ്മയായിരുന്നു. സരസ്വതിയമ്മയുടെ സ്‌നേഹത്തിനും വാത്സല്യത്തിനും പാത്രമായവരാണ് ഇന്നുള്ള സാഹിത്യകാരന്മാരിൽ പലരും.

വിദ്യാലയങ്ങളിൽ ആകാശവാണിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഗായകസംഘം രൂപീകരിച്ചതിന് പിന്നിലും സരസ്വതിയമ്മയുടെ നേതൃത്വമുണ്ടായിരുന്നു. ആകാശവാണിയിലെ അനുഭവങ്ങളെക്കുറിച്ച് ആകാശത്തിലെ നക്ഷത്രങ്ങൾ, കുപ്പിച്ചില്ലുകളും റോസാദളങ്ങളും അമ്മ അറിയാൻ എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. പരേതനായ കെ.യശോധരനാണ് ഭർത്താവ്.

Story Highlights- Akashavani, Obit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here