ചൈനീസ് ടെലികോം ഭീമൻ ഇന്ത്യയിലേക്ക്; ജിയോക്ക് ഭീഷണിയാകുമെന്ന് റിപ്പോർട്ട്

ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ചൈന മൊബൈൽ ഇന്ത്യയിലേക്ക് എത്തുന്നു എന്ന് റിപ്പോർട്ട്. ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നതിനായി ടെലികോം സേവനദാതാക്കളായ എയർടെലുമായും വോഡഫോൺ ഐഡിയയുമായും ചൈന മൊബൈൽ ചർച്ച നടത്തിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈന മൊബൈൽ ഇന്ത്യയിൽ എത്തുകയാണെങ്കിൽ അത് ജിയോക്ക് കനത്ത തിരിച്ചടിയാകും.

ഇന്ത്യയിലെ 5ജി വിപണി ലക്ഷ്യമിട്ടാണ് ചൈനീസ് ഭീമൻ്റെ വരവ്. ചൈനയിൽ 38 ലക്ഷം 5ജി ഉപഭോക്താക്കളാണ് ചൈന മൊബൈലിനുള്ളത്. 2020ല്‍ ഒരു കോടി ഉപഭോക്താക്കളാണ് അവരുടെ ലക്ഷ്യം. ആകെ ചൈനയിൽ 9.3 കോടി ഉപഭോക്താക്കളാണ് നിലവിൽ ചൈന മൊബൈലിനുള്ളത്.

ഭാരതി എയർടെല്ലിലോ വോഡഫോൺ ഐഡിയയിലോ ഹോൾഡിംഗ് കമ്പനിയായാവും ചൈന മൊബൈലിൻ്റെ രംഗപ്രവേശനം. ഓഹരിപങ്കാളിത്തത്തോടൊപ്പം മാതൃകമ്പനികളുടെ മറ്റു കാര്യങ്ങളിലും സ്വാധീനം ചെലുത്താൻ ചൈന മൊബൈലിനു സാധിക്കും. ഭാരതി എയർടെല്ലിലും വോഡഫോൺ ഐഡിയയിലും, ചൈന മൊബൈൽ ഓഹരികൾ വാങ്ങിയേക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

5ജി സേവനങ്ങൾ ഉള്ളതുകൊണ്ട് തന്നെ പങ്കാളികളാകുന്ന ഇന്ത്യൻ കമ്പനികൾക്ക് 5ജി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ചൈന മൊബൈലിനു സാധിക്കുമെന്നാണ് ഈ വാർത്തയിലെ ഏറ്റവും സവിശേഷകരമായ കാര്യം. 4ജിക്കു ശേഷം ഇന്ത്യയും 5ജിയിലേക്ക് ചുവടുവെച്ച് തുടങ്ങുന്ന സമയമാണ്. മൊബൈൽ ഫോൺ കമ്പനികൾ ഇന്ത്യൻ വിപണിയിലും 5ജി ഫോണുകൾ ഇറക്കിക്കഴിഞ്ഞു. അടുത്ത വർഷമോ 2022ലോ ഇന്ത്യയിൽ 5ജി വ്യാപകമാവും എന്നാണ് ട്രായ് പറയുന്നത്. അങ്ങനെയെങ്കിൽ ചൈന മൊബൈൽ വളരെ വേഗം വിപണി പിടിക്കാൻ സാധ്യതയുണ്ടാവും.

Story Highlights: China Mobile, Bharati Airtel, Vodafone Idea, Reliance Jio

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top