കൊടുംതണുപ്പിൽ മൂന്നാർ; താപനില മൈനസിലേക്ക് താഴ്ന്നു

മൂന്നാർ കൊടുംതണുപ്പിൽ. തണുപ്പ് മൈനസ് ഡിഗ്രി വരെ താഴ്ന്നു. ഇതോടെ മഞ്ഞുപുതച്ച മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടി. കഴിഞ്ഞ ദിവസം മൂന്നാറിൽ രേഖപെടുത്തിയ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസാണ്.

മൂന്നാറിൽ കൂടുതൽ തണുപ്പനുഭവപ്പെടുന്നത് ഡിസംബർ ജനുവരി മാസങ്ങളിലാണ്. എന്നാൽ ഇത്തവണ അതി ശൈത്യമെത്താൻ അൽപം വൈകി. അൽപം വൈകിയെങ്കിലും മഞ്ഞ് വീഴ്ചയും മൈനസ് ഡിഗ്രി തണുപ്പും മൂന്നാറിൽ അനുഭവപെട്ടു തുടങ്ങി. ഇതോടെ സഞ്ചാരികളുടെ ഒഴുക്കും വർധിച്ചു.

അതിരാവിലെ ഉള്ള കാഴ്ചയാണ് തണുപ്പിനോടൊപ്പം മൂന്നാറിലേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇളം വെയിലിൽ ആവി പറക്കുന്ന താടകങ്ങളും സൂര്യ കിരണങ്ങളേറ്റ് വെട്ടി തിളങ്ങുന്ന മൊട്ടക്കുന്നുകളും അതിശൈത്യത്തിൽ ആരെയും ആകർഷിക്കുന്ന കാഴ്ചകളാണ്.

ശനി ഞായർ ദിവസങ്ങളിൽ മൂന്നാറിൽ മൈനസ് ഡിഗ്രി തണുപ്പ് രേഖപെടുത്തിയിരുന്നു. മൂന്നാറിലെ സെവൻമല, ചെണ്ടുവാര, നല്ലതണ്ണി, സൈലന്റ് വാലി എന്നിവിടങ്ങളാണ് ഏറ്റവും കൂടുതൽ തണുപ്പ് രേഖപ്പെടുത്തുന്നത് .

മഞ്ഞു വീഴ്ച ശക്തമായതോടെ പുൽമേടുകളിലെ പച്ചപ്പ് നഷ്ടപ്പെട്ടു. കാലാവസ്ഥ മാറ്റം തേയില കൃഷിയേയും ദോഷമായി ബാധിക്കുന്നുണ്ട്. പുലർച്ചെ മഞ്ഞിൽ കുളിക്കുന്ന പുൽമേടുകൾ സൂര്യപ്രകാശത്തിൽ കരിഞ്ഞുണങ്ങുന്നതാണ് കാരണം.

Story Highlights- Munnar, Extreme Cold

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top